ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന. പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും പരിശോധിക്കും. ബലാല്‍സംഗം നടന്നിട്ടില്ലെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ്.
അതേസമയം, ഹാത്രസില്‍ 19കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. എസ്.പി., വിക്രാന്ത് വീര്‍, ഡിഎസ്പി റാം ഷബ്ദ്, ഇന്‍സ്പെക്ടര്‍ ദിനേഷ് കുമാര്‍ വര്‍മ, എസ്ഐ ജയ് വീര്‍ സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍ മഹേഷ് പാല് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തെ ഭയപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന ജില്ലാ മജിസ്ട്രേറ്റ് പി.കെ ലക്സ്കര്ക്ക് എതിരെ നടപടിയെടുത്തിട്ടില്ല.
പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാന്‍ അനുവദിക്കാതെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണ പരിശോധനാ ഉത്തരവ് വിവാദത്തിലാകുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെ ഇനിയും പീഡിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പൊലീസ്, യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ ഇടിച്ചു താഴ്ത്തിയെന്ന് ഉമാഭാരതി അഭിപ്രായപ്പെട്ടു.
അതേസമയം, പൊലീസുകാര്‍ക്കെതിരായ അച്ചടക്ക നടപടിക്ക് തുടര്‍ച്ചയായി കേസ് സിബിഐയ്ക്ക് കൈമാറാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേസില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശിയ മനുഷ്യാവകാശ കമ്മീഷന് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടിസയച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍ക്കാനും തീരുമാനിച്ചു.