മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പുതിയ ആരോപണങ്ങളുമായി ഇറങ്ങിയ പിസി ജോര്‍ജിനെ അവഗണിക്കാന്‍ സിപിഎം നേതൃത്വത്തില്‍ ധാരണ. ജോര്‍ജിന്റെ ലക്ഷ്യം മുഖ്യമന്ത്രിയേ പ്രകോപിപ്പിക്കുകയാണെന്നും പ്രകോപനങ്ങളില്‍ വീഴേണ്ടെന്നും സിപിഎം തീരുമാനിച്ചു. തെളിവുണ്ടെങ്കില്‍ ജോര്‍ജ് അന്വേഷണ സംഘത്തിന് കൈമാറട്ടേ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ജോര്‍ജിന്റെ അറസ്റ്റിലെ ഗൂഡാലോചന വാദം സിപിഎം നേതാവ് എസ് രാമചന്ദ്രന് പിള്ളയും തള്ളി.
വര്‍ഗീയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജ് എന്ത് ആരോപണവും ഉന്നയിക്കാന്‍ മടിക്കില്ലെന്നതാണ് സിപിഎമ്മിന്റെ കണക്കു കൂട്ടല്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം തുടര്‍ച്ചയായി ഉന്നയിച്ച് പിണറായി വിജയനെ പ്രകോപിക്കുകയാണ് ജോര്‍ജിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയോടുള്ള കടുത്ത് പകയാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ഇതിനെല്ലാം സിപിഎമ്മോ മുഖ്യമന്ത്രിയോ മറുപടി പറഞ്ഞാല്‍ അതില്‍ പിടിച്ച് അടുത്ത ആരോപണം ഉന്നയിക്കുകയാണ് പിസി ജോര്‍ജിന്റെ പദ്ധതി. ജോര്‍ജിനെ ഗൗനിക്കാതെ അവഗണിച്ചുവിട്ടാല്‍ മതിയെന്ന് ഉന്നത സിപിഎം നേതാക്കള്‍ക്കിടയില്‍ ധാരണയായി.
ആരോപണങ്ങളെപ്പറ്റി ചോദ്യം ഉയര്‍ന്നാല്‍, തെളിവുള്ളവര്‍ക്ക് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കാമെന്ന് മാത്രമാകും സിപിഎം നോതാക്കളുടെ മറുപടി. സിപിഎമ്മിന്റെ നിലപാടിന് സമാനമായാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും പ്രതികരണം. പീഡന കേസിലെ പി സി ജോര്‍ജിന്റെ അറസ്റ്റില്‍ രാഷ്ട്രീയമെന്ന് വാദം എസ്ആര്‍പി തള്ളി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും എസ്ആര്‍പി പറഞ്ഞു.
ജോര്‍ജിന്റെ ആരോപണങ്ങള്‍ അതേരീതിയില്‍ യുഡിഎഫ് ഏറ്റെടുക്കില്ലെന്നാണ് സിപിഎം കരുതുന്നത്. വിഷയം നിയമസഭയില്‍ യുഡിഎഫ് കൊണ്ടുവന്നാല്‍ ആലോചിച്ച് സര്‍ക്കാര്‍ അപ്പോള്‍ മറുപടി പറയും. അവിടെയും പി സി ജോര്‍ജിന് ആയുധമാകുന്ന മറുപടികള്‍ നല്‍കിയേക്കില്ല.