ചണ്ഡീഗഢ്: വൈദ്യുതി ചിലവ് ലാഭിക്കുന്നതിനും ഉത്പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയക്രമം ഏര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍.രാവിലെ ഏഴുമുതല്‍ രണ്ട് മണിവരെയാണ് പുതിയ പ്രവര്‍ത്തന സമയം. ജൂലൈ 15വരെയായിരിക്കും പുതിയ സമയക്രമം. രണ്ടര മാസംക്കൊണ്ട് 42 കോടിയോളം ലാഭമുണ്ടാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. പുതിയ സമയക്രമത്തില്‍ ഭഗവന്ത് മാന്‍ സര്‍ക്കാര്‍ അര മണിക്കൂര്‍ ഉച്ചഭക്ഷണ ഇടവേള ഒഴിവാക്കുകയും ചെയ്തു. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയായിരുന്നു പഴയ സമയക്രമം.
ചണ്ഡീഗഡിലെ സിവില്‍ സെക്രട്ടേറിയറ്റിലെത്തിയ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തന്റെ ഉദ്യോഗസ്ഥരോടൊപ്പം ഓഫീസുകള്‍ സന്ദര്‍ശിച്ചു. പുതിയ ജോലി സമയം ഉറപ്പാക്കുമെന്ന് ഉറപ്പ് നല്കി. തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് ജീവനക്കാരുമായും ജനങ്ങളുമായും സംസാരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ഒരു വലിയ പ്രശ്നമാണെന്നും പുതിയ സമയക്രമം വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.