മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് വീട് ജപ്തി ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്ത് മാത്യൂ കുഴല്നാടന് എംഎല്‍എ. ബാങ്കുമായി സംസാരിച്ച് പണമടച്ച് ആധാരം തിരികെ വാങ്ങുമെന്ന് എംഎല്‍എ അറിയിച്ചു. ബാങ്കിന്റെ ജപ്തി നടപടിക്ക് പിന്നാലെ നിരവധി പേര് തന്നെ ബന്ധപ്പെട്ട് സഹായ വാഗ്ദാനം നല്‍കിയെന്നും നന്ദി പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിലുടെ അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയാണ് മൂവാറ്റുപുഴയിലെ പായിപ്രയില്‍ കുട്ടികള്‍ മാത്രം താമസിക്കുന്ന വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. ദളിത് കുടുംബത്തിലെ ഗൃഹനാഥനും കുട്ടികളുടെ അമ്മയും ആശുപത്രിയിലായിരിക്കെയാണ് വീട് ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതരെത്തിയത്. ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്നാടന് എംഎല്‍എ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എംഎല്‍എ തന്നെ പൂട്ട് പൊളിച്ച് വീട് തുറന്നു കൊടുക്കുകയായിരുന്നു.
‘ഒരു പരിപാടിക്കിടെയാണ് പ്രായപൂര്‍ത്തിയാകാത്ത കൂട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതര്‍ പായിപ്രയില്‍ എത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞത്. കാര്യങ്ങള്‍ ഉടനെ ഞാന്‍ തിരക്കുകയും കുട്ടികളുടെ അച്ഛനും അമ്മയും അവിടെയില്ലെന്ന് അറിയുകയും ചെയ്തു. ഉടന്‍ തന്നെ അവിടെയെത്തുകയാണ് ഉണ്ടായത്. അവിടെ ചെന്നപ്പോള്‍ പുറക് വശത്ത് വാതിലില്ലാത്ത വീട്ടില്‍ ഡോര്‍ പുതുതായി പിടിപ്പിച്ച് അത് ലോക്ക് ചെയ്ത് സീല്‍ ചെയ്ത കാഴ്ചയാണ് കണ്ടത്. ആ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നിസ്സാഹയാരായി പുറത്തുന ിക്കുന്നത് കാണുകയും അപ്പോള്‍ തന്നെ ബാങ്ക് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.
എന്നാല്‍ ആ സമയത്ത് അവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. കുട്ടികളെ ഇറക്കി വിടാന്‍ നേരത്ത് അവരുടെ അയല്‍ വാസികള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ അവിടെയില്ലെന്ന കാര്യം ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. മാത്രമല്ല കുട്ടികളെ ഇറക്കി വിടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ അധികൃതര്‍ വീട് ജപ്തി ചെയ്യുകയാണുണ്ടായത്. വീണ്ടും ബാങ്ക് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ വീട് തുറന്നു നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും രാത്രി വൈകിയും ബാങ്കിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ല.
തുടര്‍ന്ന് വാതില്‍ പൊളിച്ച് കുട്ടികളെ അകത്ത് കയറ്റുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടി വളരെ വലിയൊരു ട്രോമയാണ് കുടുംബത്തിനുണ്ടാക്കിയത്. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. എസ്സി വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബമാണ് അവരുടെത്. ഒന്നര ലക്ഷത്തോളം രൂപ മാത്രമാണ് ബാധ്യതയുള്ളത്. കുടുംബത്തിനെ സഹായിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നത്’ മാത്യൂ കുഴല്നാടന് പറഞ്ഞു.