മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അദാനിയുമായുള്ള വൈദ്യുതി കരാര്‍ ഉറപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി- അദാനി കൂട്ടുകെട്ടാണ് ഇതിലൂടെ തെളിയുന്നത്. പിണറായി വിജയന് ഇടതുകൈകൊണ്ടും വലതു കൈകൊണ്ടും അദാനിയെ സഹായിക്കുകയാണ്. കരാറുകൊണ്ട് ദോഷമുണ്ടാകുന്നത് ജനങ്ങള്‍ക്കാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന വൈദ്യുതി റഗുലേഷന് കമ്മീഷന്റെ തീരുമാന പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി സംസ്ഥാനം വൈദ്യുതിയുടെ കാര്യത്തില്‍ മിച്ച സംസ്ഥാനമാണ്. 2021-22 ല്‍ വര്‍ഷം 811 യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കൈവശമുണ്ടാവുക. ഈ സാഹചര്യത്തില്‍ അദാനിയുടെ കൈയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടെ താത്പര്യമാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്പറേഷന് ലിമിറ്റഡ് കമ്പനിയുമായി സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് 2019 സെപ്റ്റംബറിലും ജൂണിലും ഒപ്പുവച്ച കരാര്‍ സംസ്ഥാനത്തെ ജനങ്ങളെ പോക്കറ്റടിക്കാന്‍ അദാനിക്ക് വഴിതുറക്കുകയാണ് ചെയ്തത്. യൂണിറ്റ് ഒന്നിന് രണ്ട് രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതിയും ഒരു രൂപ നിരക്കില്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിയും ലഭ്യമായിരിക്കെ അദാനിയില്‍ നിന്ന് 2.82 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ട ആവശ്യമെന്താണ്. അദാനിക്ക് 1000 കോടി രൂപ കിട്ടുമ്പോള്‍ മുഖ്യമന്ത്രിക്ക് എത്ര കമ്മീഷന് കിട്ടി എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.