കെഎസ്ഇബി -അദാനിയുമായി കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പച്ചനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വൈദ്യുതി വാങ്ങിയത് പൊതു മേഖലയില്‍ നിന്നാണ്. സോളാര്‍ എനര്‍ജി കോര്‍പ്പേറഷനുമായാണ് കെഎസ്ഇബി കരാര്‍ ഒപ്പുവെച്ചത്. ഇത് കേന്ദ്രം അംഗീകരിച്ച സ്ഥാപനമാണ്. സോളാര്‍ എനര്‍ജി കോര്പ്പറേഷന് പലരില്‍ നിന്നും വൈദ്യുതി വാങ്ങുന്നുണ്ടാകും. അദാനിയുമായി കെഎസ്ഇബി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. എന്തും പറയാം എന്ന അവസ്ഥ എത്തിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി മേഖലയെ സ്വകാര്യവല്ക്കരിച്ചത് കോണ്‍ഗ്രസാണ്. കെഎസ്ഇബി, അദാനിയുമായി കരാറുണ്ടാക്കിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍, ഉണ്ട് ഉണ്ട് എന്ന് പറയാതെ പ്രതിപക്ഷ നേതാവ് പുറത്ത് വിടട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദാനിയുമായി വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. കരാറിലൂടെ അദാനിക്ക് ആയിരം കോടി കമ്മീഷന് കിട്ടിയപ്പോള്‍ മുഖ്യമന്ത്രിക്ക് എത്ര രൂപ കമ്മീഷന് കിട്ടിയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
കരാറുണ്ടാക്കാന്‍ കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും വിശദ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.