ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വാര്‍ത്താ ചാനലുകളിലൊന്നായ എന്‍ഡി ടിവിയില്‍നിന്നും കൂട്ടരാജി. അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് പ്രമുഖരടക്കം എന്‍ഡിടിവിയുടെ പടിയിറങ്ങുന്നത്. എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരി കൈവശമുണ്ടായിരുന്ന ആര്‍ആര്‍പിആര്‍ എന്ന കമ്പനി അദാനി ഏറ്റെടുത്തതായിരുന്നു രാജി പരമ്പരയുടെ തുടക്കം. എന്‍ഡിടിവി ഓഹരികള്‍ അദാനിയുടെ കൈകളിലെത്തിയതില്‍ അതൃപ്തി അറിയിച്ച് സീനിയര്‍ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന രവീഷ് കുമാര്‍ ആദ്യം രാജി അറിയിച്ചു. തുടര്‍ന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ശ്രീനിവാസ് ജെയിന്, നിധി റാസ്ദാന്, എന്‍ഡിടിവി പ്രസിഡന്റ് ആയിരുന്ന സുപര്‍ണ സിംഗ് എന്നിവരും തങ്ങളുടെ രാജി അറിയിക്കുകയായിരുന്നു.
ആര്‍ആര്‍പിആറിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്നും എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയും, രാധിക റോയും രാജി വെച്ചു. ഈ മാസം ആദ്യമാണ് മുതിര്‍ന്ന മാധ്യപ്രവര്‍ത്തകര്‍ ശ്രീനിവാസ് ജയിന്, നിധി റാസ്ദാന് എന്നിവര്‍ എന്‍ഡിടിവി വിടുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്. ചാനലിന്റെ ഗ്രൂപ്പ് പ്രസിഡന്റ് ആയിരുന്ന സുപര്‍ണ സിംഗ്, ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ആയിരുന്ന അര്‍ജിത് ചാറ്റര്‍ജി, പ്രോഡക്റ്റ് ഓഫീസര്‍ കവല്‍ജീത് സിംഗ് എന്നിവരും രാജി അറിയിച്ച് കഴിഞ്ഞു. അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍ എന്‍ഡിടിവിയില്‍ വാര്‍ത്തയാകാത്തത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് എന്‍ഡിടിവിയില്‍ സംഭവം വാര്‍ത്തയായത് എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ രാജി അറിയിച്ച മാധ്യമപ്രവര്‍ത്തകരാരും അതിന്റെ കാരണം പരസ്യമാക്കിയിട്ടില്ലന്നതും ശ്രദ്ദേയമാണ്.