തിരുവനന്തപുരം: കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണന വര്‍ധിച്ചിരിക്കുകയാണെന്ന് കേരള ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമസഭയില്‍ 2023-24 വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള വികസന മാതൃകയുടെ നേട്ടങ്ങളെ മാത്രമല്ല കേരളത്തെ തന്നെ ഇകഴ്ത്തി കാട്ടുന്നതില്‍ ചില കേന്ദ്രങ്ങള്‍ കാണിക്കുന്ന സംഘടനാ പരിശ്രമത്തിന്റെ ഫലമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഫെഡറല്‍ ധനവ്യവസ്ഥിതിയില് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭരണ ഘടനയുടെ ആത്മാവിന് നിരക്കാത്ത മാറ്റങ്ങളാണ് കുറച്ച് നാളുകളായി കാണാന്‍ സാധിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വീതം വെച്ച് നല്‍കേണ്ട വിഹിതങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. 10-ാം ധനകാര്യ കമ്മീഷന്റെ സമയത്ത് കേരളത്തിന് ലഭിച്ച കൊണ്ടിരുന്നത് 3.875 ശതമാനം വിഹിതമായിരുന്നു. എന്നാലിത് 15-ാം ധനകാര്യ കമ്മീഷന്റെ സമയമായപ്പോള്‍ 1.925 ശതമാനമായി കുറഞ്ഞു. ഏകദേശം 10000 കോടി രൂപയുടെ വെട്ടിക്കുറവാണ് കേരള വിഹിതത്തില്‍ ഉണ്ടായിരിക്കുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വീതം വെപ്പില്‍ കേരളം അവഗണിക്കപ്പെടുമ്പോഴും കേരളത്തിലെ പശ്ചാത്തല സൗകര്യ വികസനത്തിലും ഉല്പാദനമേഖലയിലും സാമൂഹ്യ സുരക്ഷാ മേഖലയിലും ഉള്ള ചെലവുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു മുടക്കവും വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. റബ്ബര്കൃഷിക്കാരെല്ലാം വലിയ പ്രതിസന്ധി നേരിടുകയാണ്. കേന്ദ്ര നയമാണ് കൃഷിക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് എന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേ സമയം കേരള വികസന മാതൃകയുടെ നേട്ടങ്ങളെ ഇടതു പക്ഷത്തിന്റെ മാത്രം നേട്ടങ്ങളായി ഞങ്ങള്‍ ഒരിക്കലും ചിത്രീകരിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാവര്ക്കും വികസനത്തില്‍ പങ്കുണ്ട് എന്നാല്‍ ഒരു വിഭാഗം ശ്രമിക്കുന്നത് കേരളത്തെ ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത നാടായി ചിത്രീകരിക്കാനാണ് അതുവഴി യുവജനങ്ങള്‍ക്ക് പോലും നിരാശ ഉണ്ടാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്’. അദ്ദേഹം പറഞ്ഞു. കേരളം ഒരു ഒറ്റപ്പെട്ട തുരുത്തല്ല. പുറം ലോകവുമായി ഏറെ ബന്ധമുളള അതുമായി ഇഴുകി ചേര്‍ന്നു കൊണ്ടാണ് കേരളത്തിന്റെ സമ്പദ്ഘടന പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ട് പുറം ലോകത്തെ ചലനങ്ങള്‍ സസൂഷ്മം നിരീക്ഷിച്ചു കൊണ്ട് മാത്രമേ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാകൂ എന്നും മന്ത്രി ബജറ്റ് അവതരണത്തിനിടയില്‍ കൂട്ടിച്ചേര്‍ത്തു.