പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. കഴിഞ്ഞ ദിവസത്തേക്കാള്‍ പ്രതികരണ ശേഷി മെച്ചപ്പെട്ടു. ഈ ആഴ്ച നിര്‍ണായകമാണെന്നും കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
വാവ സുരേഷിനെ ഉടന്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റാനാകില്ല. എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം സ്ഥായിയാകണം. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ വലിയ പ്രശ്നങ്ങളില്ല. പക്ഷേ രക്തസമ്മര്‍ദ്ദം സ്ഥിരമാണെങ്കിലും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടാത്തത് ആശങ്കയായി തുടരുന്നു. അതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ശരീരത്തിലേറ്റ വിഷത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാന്‍ കുറഞ്ഞത് ഏഴുദിവസമെടുക്കും. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ് വാവ സുരേഷെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നിലവില്‍ വാവ സുരേഷ് അബോധാവസ്ഥയില്‍ തന്നെ തുടരുകയാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നത് ആശാവഹമാണ്.
കോട്ടയം കുറിച്ചിയിയില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടയിലാണ് വാവ സുരേഷിനെ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിലേക്ക് കയറ്റുന്നതിനിടെ വലതുകാലിലാണ് കടിയേറ്റത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് സ്ഥിതി ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.