കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ വ്യാപക പരിശോധന. 429 ഓളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വ്യത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച 22 കടകള്‍ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. 86 കടകള്‍ക്ക് നോട്ടീസ് നല്കി.
52 കടകള്‍ക്ക് നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നല്‍കിയത്. തലസ്ഥാനത്ത് വ്യത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച 8 ഹോട്ടലുകള്‍ അടപ്പിച്ചു. 3 ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി.
തൃശൂരില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശൂര്‍ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി.
ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശം നല്കി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക.