പാലക്കാട്: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ പൊലിസ് നല്ല രീതിയിലുള്ള അന്വേഷണം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസിന്റെ അന്വേഷണ മികവുകൊണ്ടാണ് പ്രതികളെ പിടിക്കാനായത്. അര്‍പ്പണ മനോഭാവത്തോടെ പൊലീസ് പ്രവര്‍ത്തിച്ചു. ഇത്തരം സംഭവങ്ങളുണ്ടായ ഉടനെ കുറ്റവാളികളെ പിടികൂടാന്‍ കഴിയണമെന്നില്ലെന്നും ചിലര്‍ അനാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം സംഭവം മാധ്യമങ്ങള്‍ സംയമനത്തോടെ റിപ്പോര്‍ട്ട് ചെയ്തു. ആ ശ്രദ്ധയും സൂക്ഷ്മതയും തുടര്‍ന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ വലിയ വ്യൂഹമാണ്. കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോകാന്‍ തട്ടികൊണ്ടു പോയ സംഘത്തിന് കഴിഞ്ഞില്ല. അതിനെ താന്‍ അന്ന് അഭിനന്ദിച്ചിരുന്നു. കുട്ടിയെ പെട്ടെന്ന് കണ്ടെത്താത്തതില്‍ ചിലര്‍ പൊലീസ് സ്റ്റേഷന് ഉപരോധിക്കാന്‍ ഇറങ്ങി പുറപ്പെട്ടു. അതിന്റെ അര്‍ത്ഥമെന്താണ്? എന്തെങ്കിലും വീഴ്ച സംഭവിച്ചാലല്ലേ പ്രതിഷേധിക്കുക? രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരം പ്രതിഷേധമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.