ഡൽഹി : പുതുതായി നിർമ്മിച്ച അർബൻ എക്സ്റ്റൻഷൻ റോഡ് (യുഇആർ) 2 ഉടൻ തുറക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇതോടെ ഡൽഹി-ഹരിയാന അതിർത്തിയിലെ കുണ്ഡ്ലിയിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 3-ലേക്കുള്ള യാത്രാ സമയം 20 മിനിറ്റായി കുറയുമെന്നും ഗഡ്കരി പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ യുഇആർ 2 പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ ഇന്ത്യൻ സമൂഹവുമായുള്ള ആശയവിനിമയത്തിനിടെയാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. “ഐജിടി ടി3 വിമാനത്താവളത്തിലേക്കുള്ള യാത്രാ സമയം ഇതോടെ രണ്ട് മണിക്കൂറിന് പകരം 20 മിനിറ്റായി കുറയും. കൂടാതെ ഐജിഐ വിമാനത്താവളത്തിന്റെ ടി3 യിലേക്ക് എയർസ്ട്രിപ്പിലൂടെ കടന്നുപോകുന്ന മറ്റൊരു ടണൽ റോഡും ഉണ്ടാക്കിയിട്ടുണ്ട്.
“ഡൽഹിയിലേക്ക് വരുമ്പോൾ, പാനിപ്പത്ത് കഴിഞ്ഞ് ഒരു പെരിഫറൽ റിംഗ് റോഡുണ്ട്. അതിനു ശേഷം ഡൽഹിയിൽ യുഇആർ 2 എന്ന പേരിൽ പുതിയ ഒരു റിംഗ് റോഡും നിർമ്മിച്ചിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഇത് തുറക്കും. ഈ റോഡിന്റെ നിർമാണം കഴിഞ്ഞാൽ രണ്ട് മണിക്കൂറിന് പകരം 20 മിനിറ്റിനുള്ളിൽ ടി3 വിമാനത്താവളത്തിൽ എത്തിച്ചേരാനാകും. എയർസ്ട്രിപ്പിന് താഴെ നിന്ന് ടി 3 യെ ബന്ധിപ്പിക്കുന്ന ശിവമൂർത്തി ജംഗ്ഷനിൽ ഒരു വലിയ തുരങ്കവും നിർമ്മിച്ചിട്ടുണ്ട്.”- ഗഡ്കരി പറഞ്ഞു.
യുഇആർ 2 രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേയായിരിക്കും, ഇത് ഡൽഹിക്കും ഗുരുഗ്രാമിനുമിടയിലുള്ള ഗതാഗത പ്രശ്നം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 9,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഡിസംബറിന് മുമ്പ് എക്സ്പ്രസ് വേ തുറക്കുമെന്ന് മേയിൽ ഗഡ്കരി പറഞ്ഞിരുന്നു.