സിപിഎം എന്ന പാര്‍ട്ടി സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്ര ചട്ടക്കൂടിന്റെ ഉരുക്ക് കോട്ടയ്ക്കുള്ളില്‍, പൊതുസമൂഹത്തിന് നിഗൂഢമായ ഒരു സംവിധാനമെന്ന മട്ടിലാണ് പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. സിപിഎമ്മിനെ കേരളത്തില്‍ നയിച്ച പല സെക്രട്ടറിമാരും ഈ ഒരു പ്രതിച്ഛായയ്ക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു- അപൂര്‍വ്വം ചിലരൊഴിച്ച്. പിണറായി വിജയന് എന്ന ശക്തനും കാര്‍ക്കശ്യക്കാരനും ആയ നേതാവിന്റെ തണലില്‍ സിപിഎം വിഭാഗീയതകളെല്ലാം തുടച്ചുനീക്കി ഏകശിലാരൂപം പൂണ്ടു കൊണ്ടിരിക്കുകയായിരുന്ന കാലഘട്ടത്തിലും പാര്‍ട്ടിയുടെ പ്രതിച്ഛായ ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.
2015 ലെ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയനില്‍ നിന്ന് ബാറ്റണ്‍ സ്വീകരിച്ച് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതലയുമായി കോടിയേരി ബാലകൃഷ്ണന് നിയോഗിക്കപ്പെട്ടപ്പോള്‍ പല വാര്‍പ്പുരൂപങ്ങളും തകരുന്നത് പതിയെ ദൃശ്യമാവുകയായിരുന്നു. പിണറായി വിജയന് എന്ന ചിരിക്കാത്ത സെക്രട്ടറി എന്ന മാധ്യമ നിര്‍മിതിയില്‍ നിന്ന് സൗമ്യനായ കൊടിയേരി ബാലകൃഷ്ണന് എന്ന പൊതുബോധ നിര്‍മിതിയിലേക്കുള്ള മാറ്റമായിരുന്നു അത്.
പാര്‍ട്ടിയില്‍ എന്നും പിണറായിയുടെ പിന്‍ഗാമിയായിരുന്നു കോടിയേരി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ പലതും കോടിയേരി ഏറ്റെടുത്തത് പിണറായിയില്‍ നിന്നാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദം മുതല്‍ സംസ്ഥാന സെക്രട്ടറി വരെയുളള സ്ഥാനങ്ങളില്‍ ഈ തുടര്‍ച്ച കാണാം. വിഭാഗീയത പിടിമുറുക്കിയ ഘട്ടങ്ങളിലാകട്ടെ വിഎസിനും പിണറായിക്കും മധ്യേഅനുരഞ്ജനത്തിന്റെ പാലമായും കോടിയേരി നിന്നു.
പിണറായിയും കോടിയേരിയും. ദൂരക്കണക്കില്‍ തലശേരി താലൂക്കില്‍13 കിലോമീറ്റര്‍ അകലെയായുളള രണ്ട് ഗ്രാമങ്ങള്‍. എന്നാല്‍ കേരളത്തിലെ സിപിഎം രാഷ്ട്രീയത്തില്‍ അകലമേതുമില്ലാത്ത ഇഴയടുപ്പവും തലപ്പൊക്കവും ഏറെയുളള രണ്ട് നേതാക്കളുടെ പേരു കൂടിയാണ് ഈ സ്ഥലനാമങ്ങള്‍.
അണികളെ ആവേശത്തിലേറ്റുന്ന വാമൊഴി വഴക്കം, കുറിക്കുകൊളളുന്ന പ്രയോഗങ്ങള്‍. സര്‍വോപരി പാര്‍ട്ടി അച്ചടക്കത്തിന്റെ കണ്ണൂര്‍ ശൈലി. സിപിഎം അണികളില്‍ ഒരുപോലെ ആവേശവും ഊര്‍ജ്ജവും നിറച്ച നേതാക്കള്‍.
കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തില്‍ ഒരു സംസ്ഥാന സെക്രട്ടറിയ്ക്കും അവകാശപ്പെടാന്‍ ആകാത്ത അപൂര്‍വ്വ നേട്ടത്തിന് കൂടി ഉടമയാണ് കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടിയെ, ഇടതുമുന്നണിയെ തുടര്‍ച്ചയായി രണ്ട് തവണ അവധികാരത്തിലെത്തിച്ച ഏക പാര്‍ട്ടി സെക്രട്ടറി കോടിയേരി മാത്രമാണ്. പാര്‍ട്ടി സംസ്ഥാനത്ത് ഏറ്റവും ശക്തമായി നിലകൊള്ളുന്ന ഘട്ടത്തിലാണ് കോടിയേരി എന്ന സൗമ്യനും ധീരനുമായ നേതാവ് വിടപറയുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ ഒരു ഘട്ടത്തില്‍ വാഗ്വാദങ്ങളുടേയും വെല്ലുവിളികളുടേയും അരങ്ങുകളായിരുന്നു. പിന്നീട്, പിണറായി വിജയന് എന്ന പാര്‍ട്ടി സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതേയും ഇരുന്നു. അതിന് ശേഷം കോടിയേരി സെക്രട്ടറിയുടെ കസേരയില്‍ എത്തിയപ്പോള്‍ എല്ലാം മാറിമറിഞ്ഞു. ചൂടും മൂര്‍ച്ചയും ചോരാതെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതില്‍ ഒരു മടിയും ഇല്ലാത്ത നേതാവായിരുന്നു കൊടിയേരി. പക്ഷേ വിദ്വേഷ രഹിതമായിരുന്നു ആ വാക്കുകളെല്ലാം.
കേരള രാഷ്ട്രീയത്തില്‍ വ്യക്തിപരമായി ഏറ്റവും ആക്രമിക്കപ്പെട്ട നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു കോടിയേരി ബാലകൃഷ്ണന് എന്നോര്‍ക്കണം. മക്കളുടേയും ഭാര്യയുടേയും പേരില്‍ വലിയ മാധ്യമ വേട്ടകള്‍ നേരിട്ട വ്യക്തി. പക്ഷേ, ഒരിക്കല്‍ പോലും കോടിയേരി എന്ന രാഷ്ട്രീയ നേതാവ് അദ്ദേഹത്തിന്റെ ചെയ്തികളുടെ പേരില്‍ ഇത്തരം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടില്ല എന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്. കടുത്ത രോഗാവസ്ഥയില്‍ പോലും മാധ്യമങ്ങളെ കണ്ട കോടിയേരിയുടെ ശരീരത്തെ ചിലര്‍ കൂര്‍ത്ത വാക്കുകള്‍ കൊണ്ട് അപഹസിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിന് അധികം പഴക്കമൊന്നുമില്ല. എന്നാല്‍ അത്തരക്കാരെ പോലും വിദ്വേഷ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാന്‍ തയ്യാറാകാത്ത വ്യക്തിത്വമായിരുന്നു കോടിയേരിയുടേത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കൊടിയേരിയുടെ ഓരോ പ്രവര്‍ത്തനങ്ങളിലും ആ ഊര്‍ജ്ജവും പ്രസന്നതയും പ്രകടമായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഈ കാലഘട്ടത്തില്‍ ഒന്നര വര്‍ഷത്തോളം മിസ തടവുകാരനായി ജയില്‍ ശിക്ഷയും അനുഭവിച്ചു. വലിയ പോലീസ് മര്‍ദ്ദനങ്ങളും അനുഭവിക്കേണ്ടി വന്നു.
എംഎല്‍എ ആയും മന്ത്രിയായും പാര്‍ട്ടി നേതാവായും എല്ലാം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ ജനകീയ വിഷയങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നതില്‍ അദ്ദേഹത്തിന് ആശയക്കുഴപ്പങ്ങളില്ലായിരുന്നു. രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും നൈതികത പൂര്‍ണമായും കൈവിട്ട് കടുത്ത ആക്രമണങ്ങള്‍ നടത്തിയപ്പോഴും പിടിച്ചു നില്‍ക്കാനായത് കോടിയേരി ബാലകൃഷ്ണന് എന്ന നേതാവിന്റെ രാഷ്ട്രീയ ഗുണം കൊണ്ടുതന്നെ ആയിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടി നിലപാട് വിശദീകരിക്കാനും പാര്‍ട്ടിക്ക് കവചമൊരുക്കാനുമാനുളള കോടിയേരിയുടെ അനിതരസാധാരണമായ ആ കൈയടക്കം തന്നെയാകും വരും നാളുകളില്‍ പിണറായിക്കും പാര്‍ട്ടിക്കും ഏറ്റവുമധികം ശുന്യത സൃഷ്ടിക്കുക.