സ്കൂള്‍ തുറക്കുന്ന ആഴ്ച ഹാജരും യൂണിഫോമും നിര്‍ബന്ധമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പിന്നീടുള്ള കാര്യങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കും. സ്കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച തന്നെ മാര്‍ഗരേഖ പുറത്തിറക്കും. അധ്യാപക സംഘടനയുടെ നിര്‍ദേശങ്ങള്‍ അന്തിമ മാര്‍ഗരേഖയില്‍ പരിഗണിക്കും. അസുഖങ്ങളുള്ളവരും ഭിന്നശേഷിക്കാരും സ്കൂളില്‍ വരേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു.
കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുമെന്നും ഗാന്ധിജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ ശുചീകരണ പരിപാടിക്കുശേഷം വി. ശിവന്‍കുട്ടി പറഞ്ഞു.
യുവജന സംഘടനകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്കി. എത്രയും വേഗം മാര്‍ഗരേഖ പുറത്തിറക്കും. എല്ലാ വിധ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കും. ഷിഫ്റ്റ് സംവിധാനം വിദ്യാലയങ്ങളിലെ സാഹചര്യം അനുസരിച്ച് ക്രമീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
ക്ലാസില്‍ ഒരേസമയം 20- 30 കുട്ടികളെ മാത്രമേ അനുവദിക്കൂ. അധ്യാപകരും രക്ഷിതാക്കളും സ്കൂള്‍ ജീവനക്കാരും 2 ഡോസ് വാക്സിന് എടുത്തുവെന്ന് ഉറപ്പു വരുത്തണം. സ്കൂള്‍ തുറക്കുന്നതിനു മുന്‍പു രക്ഷിതാക്കളുടെയും സ്റ്റാഫ് അംഗങ്ങളുടെയും പ്രാദേശിക ജനപ്രതിനിധികള്‍ എന്നിവരുടെയും യോഗം ചേരും.
ഈ മാസം 20 മുതല്‍ 30 വരെ സ്കൂളുകളില്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം, അണുനശീകരണം തുടങ്ങിയവ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. സ്കൂളുകള്‍ കേന്ദ്രീകരിച്ചു രൂപീകരിക്കുന്ന ജനകീയ സമിതികളുടെ നേതൃത്വത്തിലാവും ശുചീകരണം.