എല്‍.കെ.ജി വിദ്യാര്‍ഥിനി സ്കൂള്‍ ബസില്‍ നിന്ന് തെറിച്ചു വീണു. ആലുവ സ്വദേശി യൂസുഫിന്റെ മകള്‍ ഫൈസ ഫാത്തിമയാണ് ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴി റോഡില്‍ വീണത്. പിറകെ വന്ന ബസ് ബ്രേക്കിട്ടതിനാല്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. പെങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്കൂളിന്റെ ബസില്‍ നിന്നാണ് അപകടം ഉണ്ടായത്. പൈങ്ങാട്ടുശ്ശേരി ജങ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്.
വീഴുന്നത് കണ്ട നാട്ടുകാരാണ് ഓടിയെത്തി കുട്ടിയെ എടുത്തത്. സാരമായ പരിക്കില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് തിരികെ ബസില്‍ കയറ്റി വിടുകയായിരുന്നു. സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം എടത്തല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പോലും പ്രവേശിപ്പിക്കാതെ വീട്ടിലേക്ക് എത്തിച്ചെന്ന് കുടുംബം പരാതിയില്‍ പറയുന്നു.
ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് നടുവേദനയും ചതവുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് സ്ഥിരീകരിച്ചതായി പരാതിയില്‍ പറയുന്നു.