ബതിന്ഡ: പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി എംഎല്‍എ ബല്‍ജീന്ദര്‍ കൗറിനെ ആംആദ്മി നേതാവ് കൂടിയായ ഭര്‍ത്താവ് തല്ലുന്ന വീഡിയോ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ പഞ്ചാബി മാധ്യമങ്ങള്‍ അടക്കം നല്‍കിയിട്ടുണ്ട്.
ജൂലൈ 10 നാണ് സംഭവം നടന്നത് എന്നാണ് വിവരം. തല്‍വണ്ടി സാബോയില്‍ നിന്നുള്ള രണ്ട് തവണ നിയമസഭാംഗമായ ഭര്‍ത്താവ് സുഖ്രാജ് സിംഗുമായി ബല്‍ജീന്ദര്‍ കൗര്‍ തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം. പെട്ടെന്ന്, സിംഗ് എഴുന്നേറ്റു കൗറിനെ തല്ലുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ദമ്പതികള്‍ക്ക് സമീപം നിന്ന ചിലര്‍ ഇടപെട്ട് സിംഗിനെ തള്ളിമാറ്റുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ബല്‍ജീന്ദര്‍ കൗര്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
അതേസമയം, താന്‍ വീഡിയോ ശ്രദ്ധിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ സ്വമേധയാ നോട്ടീസ് എടുക്കുമെന്നും പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ മനീഷ ഗുലാത്തി പറഞ്ഞു.