ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാന് ജയില്‍ മോചിതനായി. ഇന്ന് പുലര്‍ച്ചയോടെയാണ് മഥുര ജയിലില്‍ നിന്ന് കഫീല്‍ ഖാന് പുറത്തിറങ്ങിയത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് യുപി സര്‍ക്കാര്‍ കഫീല്‍ ഖാനെ മോചിപ്പിച്ചത്. എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് കഫീല്‍ ഖാന്റെ മോചനം. കഫീല്‍ ഖാനെ വീണ്ടും തടവിലിടാനുള്ള ഗൂഢാലോചനയാണെന്ന് ആരോപിച്ച് കുടുംബം ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കാന് തീരുമാനിച്ചിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പരിപാടിക്കിടെ വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട് കഫീല്‍ ഖാന് അലഹാബാദ് ഹൈക്കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്. കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി, കഫീല്‍ ഖാന് സ്വഭാവിക നീതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി. യാതൊരു തെളിവും ഇല്ലാതെ നിയമവിരുദ്ധമായാണ് യുപി സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതെന്ന് കോടതി നിരീക്ഷിച്ചു. കഫീല്‍ ഖാന്റെ അമ്മ നുസ്രത്ത് പര്വീന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
കഴിഞ്ഞ ഡിസംബറില്‍ സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമായി അലീഗഡ് സര്‍വകലാശാലയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരിലാണ് മുംബൈയില്‍ വെച്ച് ഖാനെ അറസ്റ്റ് ചെയ്യുന്നത്.