മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്തതിന് പിന്നാലെ വിഷയത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് നന്ദി പ്രകടനവുമായി സിറാജ് ദിനപ്പത്രം. സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു കെഎം ബഷീര്‍. ശ്രീറാം വെങ്കിട്ടരാമന്റെ നിയമന വാര്‍ത്തയെത്തുടര്‍ന്ന് പ്രതിഷേധവുമായെത്തിയ എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായും പോരാട്ടം ഇവിടെ അവസാനിച്ചിട്ടില്ല എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചത്.
‘ഈ സമരഭൂമിയില്‍ കേരള മുസ്ലിം ജമാ അത്തിനും സിറാജ് കുടുംബത്തിനും ഒപ്പം നിന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകള്‍, ജനപ്രതിനിധികള്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്, മാധ്യമങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, സ്നേഹജനങ്ങള്‍ എല്ലാവര്ക്കും ഹൃദ്യമായ നന്ദി. ഈ പോരാട്ടം ഇവിടെ തീരുന്നില്ല. കെഎംബിയുടെ ഘാതകനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ നമുക്ക് ഒത്തൊരുമിച്ച് പൊരുതാം’, എന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നത്.
പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ ദിവസങ്ങള്‍ക്കകമാണ് ആലപ്പുഴ കളക്ടറായി നിയമിച്ച ശ്രീറാം വെങ്കിട്ടരാമനെ നീക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത്. സപ്ലൈകോ ജനറല്‍ മാനേജരായാണ് പുതിയ നിയമനം. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ജോയിന്റ് സെക്രട്ടറിക്ക് തുല്യമായ പദവിയാണിത്. 67,700 രൂപമുതല്‍ 2,08,700 വരെയാണ് ഈ പദവിയില്‍ വേതനമായി ലഭിക്കുക.
ജൂലൈ 16നായിരുന്നു മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ആലപ്പുഴ കളക്ടറായി ചുമതലയേറ്റത്. നിയമനത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാളെ ഉന്നതപദവിയില്‍ നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് ശ്രീറാമിനെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തു വന്നത്.