മൂവാറ്റപുഴ : രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ നിര്‍മ്മിച്ചെന്ന മാത്യൂ കുഴല്നാടന് എംഎല്‍എയുടെ പരാതിയില്‍ കേസെടുത്തു. മൂവാറ്റപുഴ സ്വദേശി തൃക്കളത്തൂര്‍ ശ്രീജഭവനില്‍ രാജേഷ് ജി നായര്‍ക്കെതിരെയാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാണ് കുറ്റം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധിയെ അയോധ്യയിലെ രാമക്ഷേത്രം, ബാബരി മസ്ജിദ് എന്നിവയുമായി ബന്ധപ്പെടുത്തി വ്യാജ വീഡിയോ നിര്‍മ്മിച്ചെന്നാണ് പരാതി. കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ എഫ്ഐആര്‍ മൂവാറ്റുപുഴ പൊലീസിന് കൈമാറും.
പരാതിയുടെ പ്രസക്ത ഭാഗം
വയനാട്ടില്‍ മുസ്ളിങ്ങളുടെ ഇടയില്‍ കോണ്‍ഗ്രസ്സ് ഇങ്ങിനെയും പരസ്യം സര്‍ക്കുലേറ്റു ചെയ്ത വിവരം ഹിന്ദുക്കള്‍ അറിയുന്നത് വോട്ടിംഗ് കഴിഞ്ഞതിനു ശേഷം…ഇവന്റെയൊക്കെ കരണത്തടിക്കേണ്ടേ എന്ന തലക്കെട്ടോട് കൂടി VOTE FOR RAHUL GANDHI, APPEAL WAYANAD എന്ന് രാഹുല്‍
ഗാന്ധിയുടെ ഫോട്ടോ കാണിച്ച് തുടങ്ങുന്ന വീഡിയോയില്‍ തുടര്‍ന്ന് ജയ് ശ്രീ റാം എന്ന
ഗാനത്തോടൊപ്പം കാവി നിറമുള്ള ആകാശം കാണുന്ന അയോധ്യയിലെ റാം മന്ദിരത്തിന്റെ മുകള്‍ ഭാഗം തകര്‍ന്ന് വീഴുന്നതും മുസ്ലിം പള്ളിയുടെ ഭാഗം ഉയര്‍ന്നു വരുന്ന തരത്തില്‍ എഡിറ്റ് ചെയ്ത് കൂട്ടി ചേര്‍ത്ത വീഡിയോ പോസ്റ്റ് ചെയ്തതില്‍ ഹിന്ദു മുസ്ലിം വിഭാഗങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്തുക വഴി സാമൂഹിക സ്പര്‍ദ്ധ ഉണ്ടാക്കി ലഹള ഉണ്ടാക്കുന്നതിനുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതി പബ്ലിക് ആയ വാട്സാപ്പ് ഗ്രൂപ്പില്‍ വീഡിയോ പോസ്റ്റു ചെയ്തു മതവികാരത്തെ വൃണപ്പെടുത്തിയെന്നാണ് എംഎല്‍എയുടെ പരാതി.