ആലപ്പുഴ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്വത്ത് തട്ടിയെടുക്കുന്ന യുവാവ് പിടിയിലായി. ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജുവാണ് അറസ്റ്റിലായത്. പണവും സ്വര്‍ണാഭരണവും തട്ടിയെടുത്തെന്ന ചെങ്ങന്നൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തില്‍ സജീവമായ ഇയാള്‍ സമാനമായ കേസില്‍ നേരത്തെയും അറസ്റ്റില്‍ ആയിട്ടുണ്ട്.
ഒന്നര ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളുമാണ് തട്ടിയെടുത്തത്. രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിക്കുന്നതിനാലാണ് ചെങ്ങന്നൂര്‍ സ്വദേശിയായ യുവതി പരാതി നല്കാന് തയ്യാറായത്.
അജിത്തിന്റെ തട്ടിപ്പിങ്ങനെ
സമൂഹ മാധ്യമങ്ങളെയാണ് അജിത്ത് ബിജു തട്ടിപ്പിന് വേദിയാക്കിയിരിക്കുന്നത്. ടിക് ടോക്കില്‍ സജീവമായിരുന്ന അജിത്തിന്റെ ഇപ്പോഴത്തെ തട്ടകം ഇന്‍സ്റ്റഗ്രാമാണ്. പര്‍പ്പിള്‍ മെന്‍ mr. അജിത്ത് കൃഷ്ണ എന്നായിരുന്നു അജിത്ത് ബിജുവിന്റെ ഇന്‍സ്റ്റാഗ്രാം ഐഡി. ഇന്‍സ്റ്റയിലൂടെ പെണ്‍കുടിക്കളെ പരിചയപ്പെടും. പ്രണയം നടിക്കും ഓരോ ദുരിതങ്ങള്‍ പറഞ്ഞ് പണവും സ്വര്‍ണവും തട്ടിയെടുക്കും. തിരികെ ചോദിച്ചാല്‍ പിന്നെ ഭീഷണി ആണ് ആയുധം.
സമാനമായ കേസില്‍ അജിത്ത് ബിജുവിനെ രണ്ടു വര്‍ഷം മുന്‍പ് കരിപ്പൂര്‍ പൊലീസും അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലറിങ്ങിയ ശേഷം വീണ്ടും തട്ടിപ്പ് തുടരുക ആയിരുന്നു. കൂടുതല്‍ യുവതികളെ ഇപ്രകാരം സോഷ്യല്‍ മീഡിയ വഴി വശീകരിച്ച് ചതിച്ചതായി സംശയിക്കുന്നു. പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ പരിശോധിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.