ഹോട്ടല്‍ ബില്‍ വിവാദത്തില്‍ ഇടപെട്ടത് വിഷയം ചര്‍ച്ചയാക്കാന്‍ വേണ്ടി തന്നെയാണെന്ന് പിപി ചിത്തരഞ്ജന് എംഎല്‍എ. അമിത വില ഈടാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇവിടെ ഇങ്ങനെയാണ് എന്ന മറുപടിയാണ് ഹോട്ടലില്‍ നിന്നും ലഭിച്ചതെന്ന് എംഎല്‍എ പറഞ്ഞു. പരാതിയില്‍ അന്വേഷണം നടത്തി കളക്ടര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭക്ഷ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
വിലക്കയറ്റം ചിലര്‍ മുതലെടുക്കുന്ന അവസ്ഥയാണ് നിലവിലുളളത്. പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടണമെന്നും അമിത വില ഈടാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി എംഎല്‍എ പറഞ്ഞു.
അതേസമയം എംഎല്‍എ കളക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തല താലൂക്കിലെ ഹോട്ടലുകളില്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന തുടങ്ങി. ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അമിത വില ഈടാക്കി എന്ന എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് പരിശോധിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ജില്ലയിലെ ഹോട്ടലുകളില്‍ കളക്ടര്‍ ഇടപെട്ട് വില ഏകീകരിക്കണം നടപ്പാക്കണം എന്നാണ് ഭക്ഷ്യവകുപ്പിന്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ടുളള റിപ്പോര്‍ട്ട് നാളെ കളക്ടര്‍ക്ക് കൈമാറും.
കോഴിമുട്ട റോസ്റ്റിന് അമ്പതു രൂപയും അപ്പത്തിനു 15 രൂപയും ഈടാക്കിയ കണിച്ചുകുളങ്ങരയിലെ റസ്റ്റോറന്റിനെതിരെയാണ് എംഎല്‍എ പരാതി നല്‍കിയത്. വെള്ളിയാഴ്ച രാവിലെയാണ് എംഎല്‍എയും ഡ്രൈവറും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചത്. രണ്ടുപേരും കൂടി അഞ്ചപ്പവും ഓരോമുട്ട വീതമുള്ള രണ്ടു മുട്ടറോസ്റ്റും കഴിച്ചു. ജിഎസ്ടിയടക്കം വന്ന ബില്‍ തുക 184 രൂപയായിരുന്നു.
”ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വില വിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല”, എന്നായിരുന്നു സംഭവത്തില്‍ എംഎല്‍എയുടെ പ്രതികരണം.