സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. അദാനിയുമായി കെഎസ്ഇബി 25 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു എന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎമ്മും ബിജെപിയും ചേര്‍ന്നാണ് ഇത്. 8850 കോടി രൂപയുടെ കരാറിലാണ് അദാനിയും കെഎസ്ഇബിയും ഒപ്പിട്ടിരിക്കുന്നത് എന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്തംബറിലും കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്പ്പറേഷന് ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴിതുറന്നിരിക്കുന്നത്. കൂടിയ വിലയ്ക്ക് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാറിലാണ്. നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ എനര്‍ജി ലഭിക്കും. എന്നാല്‍, 2.82 രൂപയ്ക്കാണ് അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയത്. ഉപഭോക്താക്കള്‍ ഒരു രൂപ അധികം നല്‍കണം. ഇതുവഴി അദാനിക്ക് 1000 കോടി രൂപയുടെ ലാഭമാണ് ഉണ്ടാവുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പാരമ്പര്യ ഊര്‍ജത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായി അഞ്ച് ശതമാനം വൈദ്യുതിയെങ്കിലും ഈ ഇനത്തില്‍ വാങ്ങേണ്ടിവരുമെന്നത് ഒരു കരാര്‍ ആണ്. ഇതിന്റെ മറവുപിടിച്ചാണ് അദാനിയുമായി കരാര്‍ ഒപ്പിട്ട് കേരളത്തിലെ കോടിക്കണക്കിന് ഉപഭോക്താക്കാളുടെ തലയിലേക്ക് ഈ ഭാരം സര്‍ക്കാര്‍ അടിച്ചേല്പിച്ചിരിക്കുന്നത്. അദാനിയുമായുള്ള കരാര്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനാണ്. പാരമ്പര്യ ഊര്‍ജങ്ങളില്‍ തിരമാലയില്‍ നിന്നും സോളാറില്‍ നിന്നും 25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിയും ഉള്‍പ്പെടും. 25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികള്‍ കേരളത്തിലുണ്ട്. ഇവയില്‍ നിന്ന് ഒരു രൂപയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നിരിക്കെയാണ് അദാനിക്ക് ലാഭമുണ്ടാക്കാനായി ഇങ്ങനെ ഒരു കരാര്‍.
കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നവരില്‍ പ്രധാനി അദാനിയാണ്. അതുകൊണ്ടാണ് മറ്റ് പാരമ്പര്യ വൈദ്യുതികള്‍ പരിഗണിക്കാതെ സംസ്ഥാന സര്‍ക്കാര്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത്. അദാനിക്ക് ലാഭമുണ്ടാക്കാണ് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.