ന്യൂഡല്‍ഹി: അങ്കമാലി ശബരി റെയില്‍വേ പദ്ധതി പുനര്‍നിര്‍മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതായി ഡീന്‍ കുര്യാക്കോസ് എം.പി. ആ സമയം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും ഇക്കാര്യം സംസാരിക്കുകയും രണ്ട് മന്ത്രിമാരും വളരെ പോസിറ്റീവായ സമീപനമാണ് സ്വീകരിച്ചതെന്നും എം.പി. പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എല്ലാ എംപിമാരെയും കേരള സര്‍ക്കാരിനെയും കൂടി ഉള്‍പ്പെടുത്തി ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് മന്ത്രിയെ കണ്ടതെന്ന് എം.പി. പറഞ്ഞു.
കേരള സന്ദര്‍ശനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഈ പാര്‍ലമെന്റ് സമ്മേളനത്തോടൊപ്പംതന്നെ ശബരി പദ്ധതിയുടെ പുനര്‍നിര്‍മാണം സംബന്ധിച്ച് പ്രതീക്ഷാനിര്‍ഭരമായ ഒരു മറുപടിയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചതെന്നും എംപി. പറഞ്ഞു. ബജറ്റ് അലോക്കേഷനില്‍ ഇത്തവണ 2.4 ലക്ഷം കോടി രൂപയാണ് റെയില്‍വേക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. പുതിയ പാതയ്ക്കുവേണ്ടി 31,000 കോടി രൂപ ഇത്തവണ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതെല്ലാം നമ്മുടെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുള്ള കാര്യമാണ്. കേരളം നിരാശപ്പെടേണ്ടി വരില്ല എന്നുമാണ് കേന്ദ്രറെയില്‍വേ മന്ത്രി അറിയിച്ചത്.