പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ പരീക്ഷിക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതിന് സാങ്കേതികമായും ഭരണപരമായും തയാറായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിയമമന്ത്രാലയത്തെ അറിയിച്ചു.
വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിനകം അപേക്ഷിക്കുന്ന പ്രവാസിക്ക് വോട്ട് ചെയ്യാം. ബാലറ്റ് പേപ്പര്‍ ഇ- മെയിലായി റിട്ടേണിംഗ് ഓഫീസര്‍ വോട്ടര്‍ക്ക് നല്‍കണം. തുടര്‍ന്ന് ബാലറ്റ് പേപ്പറിന്റെ പ്രിന്റ് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ സാക്ഷ്യ പത്രത്തോടെ മടക്കി അയക്കണം.
പോസ്റ്റല്‍ വോട്ടുകള്‍ അതത് മണ്ഡലങ്ങളില്‍ എത്തിക്കുകയെന്നത് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍മാരുടെ ഉത്തരവാദിത്വം ആയിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, നിലവില്‍ പോസ്റ്റല്‍ വോട്ട് സംവിധാനം മാത്രമേ വിദൂര വോട്ടിംഗ് സംവിധാനം എന്ന നിലയിയുള്ളു. ഇതിന് മാറ്റം വരുത്താന്‍ 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്താനും ആലോചനയുണ്ട്.