കൊടുങ്ങല്ലൂര്‍: സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കാണാതായ സ്വര്‍ണം പരാതിക്കാരുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. സ്വര്‍ണം ബന്ധുവിന്റെ വീട്ടില്‍ മറന്നുവെച്ചതാണെന്നും കണ്ടെത്തിയെന്നും ഉടമ പൊലീസിനെ അറിയിച്ചതോടെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി .
എടമുട്ടം നെടിയരിപ്പില്‍ സുനിതയും അമ്മ അഴീക്കോട് പോണത്ത് സാവിത്രിയുമാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൊടുങ്ങല്ലൂര്‍ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കാണാതായെന്ന് ചൂണ്ടിക്കാട്ടിയായരുന്നു. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ട ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടൗണ്‍ ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രാഥമികാ അന്വേഷണം നടക്കുന്നതിനിടയിലാണ് ആഭരണം നഷ്ടപ്പെട്ടിട്ടില്ലെന്ന് സുനിത പൊലീസിനെ ഫോണ്‍വിളിച്ച് അറിയിക്കുകയും ശേഷം സ്റ്റേഷനില്‍ എത്തി എഴുതി നല്‍കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് സ്വര്‍ണം ലഭിച്ചതായി പൊലീസിനെ അറിയിച്ചത്.
വലപ്പാട് ബീച്ചിനടുത്തുള്ള ബന്ധുവീട്ടിലെ അലമാരയില്‍ സുനിതയുടെ ആധാരങ്ങളും വീടിന്റെ സ്കെച്ചും മറ്റും സൂക്ഷിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ഇതെടുക്കാന്‍ അലമാര തുറന്നപ്പോള്‍ 50 പവന് കണ്ടെത്തിയെന്നാണ് പരാതിക്കാര്‍ പൊലീസിനോട് പറഞ്ഞത്. വലപ്പാട്ടെത്തി സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ച് പൊലീസ് ഉറപ്പുവരുത്തി. സംഭവത്തില്‍ ബാങ്കിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാതിയില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം. ഉടമകളുടെ ബന്ധുവിന്റെ വീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നതായി പറയുന്നതില്‍ ദൂരൂഹതയുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. സംഭവദിവസം തന്നെ ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.