തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസ്. കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന ബിജെപി നേതാവിന്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം മാറനല്ലൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഭാസുരാംഗന് കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണന് പൊലീസില്‍ പരാതി നല്‍കിയത്. കണ്ടല ബാങ്കിന് സമീപത്ത് വെച്ചാണ് സംഭവം.
ചുവന്ന ബെന്‍സില്‍ എത്തിയ ഭാസുരാംഗനും മകനും ബാലകൃഷ്ണന് സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കണ്ടല സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ചാനലുകള്‍ക്ക്
വാര്‍ത്ത നല്‍കുന്നത് താനാണോ എന്ന് ചോദിച്ചായിരുന്നു ഇരുവരും എത്തിയതെന്ന് പരാതിക്കാരനായ ബാലകൃഷ്ണന് ആരോപിച്ചു. തൂങ്ങാംപാറ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് കണ്ടല ബാങ്കിലെ നിക്ഷേപകരുടെ സമരം നടക്കുന്നത്.