കെഎസ്ആര്‍ടിസി സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി കേട്ട ശേഷമാണ് ഇന്ന് പാറശാല ഡിപ്പോയില്‍ മാത്രം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. സിംഗിള്‍ ഡ്യൂട്ടിക്കെതിരെ ഐഎന്‍ടിയുസി നേതൃത്വം നല്കുന്ന ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. നിയമ വിരുദ്ധമായ ഡ്യൂട്ടികള്‍ പരിശോധിക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്.
8 ഡിപ്പോകളില്‍ നടപ്പിലാക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. 8 മണിക്കൂറില്‍ അധികം വരുന്ന തൊഴില്‍ സമയത്തിന് രണ്ട് മണിക്കൂര്‍ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നല്‍കുമെന്നാണ് മാനേജ്മെന്റ് പറയുന്നത്.
കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്ന സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണം അംഗീകരിക്കില്ലെന്നറിയിച്ചായിരുന്നു കോണ്‍ഗ്രസ് അനുകൂല സംഘടന ടിഡിഎഫിന്റ സമരപ്രഖ്യാപനം. അതേസമയം പണിമുടക്ക് കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ജോലി ഉണ്ടാകുമോ എന്ന് ജീവനക്കാര്‍ ആലോചിക്കണമെന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ മുന്നറിയിപ്പ്.
12 മണിക്കൂര്‍ സ്പ്രെഡ് ഓവര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാത്തതും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസും പരിഗണിച്ചും പണിമുടക്ക് പിന്‍വലിക്കുന്നുവെന്നാണ് വിശദീകരണം. അതിനിടെ സെപ്തംബര്‍ മാസത്തെ ശമ്പളത്തിനായി 50 കോടി രൂപ ആവശ്യപ്പെട്ട് മാനേജ്മെന്റ് ധനവകുപ്പിന് കത്തുനല്‍കി.