സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ദേശീയാന്വേഷണ ഏജന്‍സി സംഘം സെക്രട്ടറിയേറ്റില്‍. എന്‍ഐഎ അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തിലാണ് പരിശോധന. ഐ.ടി സെക്രട്ടറി മുഹമ്മദ്. വി. സഫിറുളളയുടെ സാന്നിദ്ധ്യത്തിലാണ് അന്വേഷണം നടക്കുന്നത്. പതിനഞ്ച് പേരടങ്ങിയ എന്‍ഐഎ സംഘമാണ് സെക്രട്ടറിയേറ്റില്‍ എത്തിയിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്ന സെര്വറുകളുളള പൊതുഭരണവകുപ്പ് സെര്‍വര്‍ റൂമിലാണ് സംഘം ആദ്യം പരിശോധന നടത്തിയത്. 2019 ജൂലൈ മുതല്‍ ഇതുവരെയുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ ശേഖരിക്കുന്നത്. ദൃശ്യങ്ങളെല്ലാം കോപ്പി ചെയ്ത് നല്കണമെങ്കില് 400 ടിബിയുള്ള ഹാര്‍ഡ് ഡിസ്ക് വേണമെന്നാണ് പൊതുഭരണ വകുപ്പ് എന്‍ഐഎ അറിയിച്ചത്. ഈ ഹാര്‍ഡ് ഡിക്സ് വിദേശത്തു നിന്നു എത്തിക്കണം. നിലവിലെ കൊറോണ സാഹചര്യത്തില്‍ അത് പ്രായോഗികല്ലെന്നും പൊതുഭരണവകുപ്പ് എന്‍ഐഎ അറിയിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കിട്ടാനുള്ള കാലതാമസം ഒഴിവാക്കാനാണ് എന്‍ഐഎ സെക്രട്ടറിയേറ്റിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.
എം.ശിവശങ്കറിന്റെ ഓഫീസ് സ്ഥിതിചെയ്തിരുന്ന സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ളോക്കിലെ സിസിടിവികളിലെ ദൃശ്യങ്ങളും സംഘം പരിശോധിച്ചു. മറ്റ് സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിക്കുകയാണ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇവര്‍ സെക്രട്ടറിയേറ്റ് പരിസരത്ത് എത്ര തവണ എത്തിയെന്നത് ഉറപ്പിക്കുന്നതിന് കൂടിയാണ് സംഘം പരിശോധന നടത്തുന്നത്. വിവിധ മന്ത്രിമാരുടെ ഓഫീസുകളില്‍ സ്വപ്ന ഉള്‍പ്പടെ പ്രതികള്‍ എത്തിയെന്ന് എന്‍.ഐ.എ സംഘം ഉറപ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.