ശശി തരൂര്‍ എംപി ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയ പുതിയ ഇംഗ്ലീഷ് വാക്ക് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. കാലഘട്ടത്തിന്റെ വാക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഡൂംസ്ക്രോളിങ് എന്ന പ്രയോഗമാണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചത്. മോശം വാര്‍ത്തകള്‍ കണ്ടെത്തി വായിക്കുന്നത് എന്നതാണ് ഡൂംസ്ക്രോളിങിന്റെ അര്‍ത്ഥമെന്നും തരൂര്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
‘കാലഘട്ടത്തിന്റെ വാക്ക്! നെഗറ്റീവ് വാര്‍ത്തകള്‍ രാഷ്ട്രീയമായി മാത്രമല്ല മാനസികമായും ദോഷഫലങ്ങള്‍ സൃഷ്ടിക്കും’ തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ‘ഡൂംസ്ക്രോളിങ്’ എന്ന വാക്കിന്റെ അര്‍ത്ഥവും ഉച്ചാരണവുമടങ്ങിയ ചിത്രവും തരൂര്‍ പങ്കുവച്ചിട്ടുണ്ട്.
തരൂര്‍ റെയില്‍വേയെ കളിയാക്കിക്കൊണ്ട് ട്വിറ്ററില്‍ പങ്കുവച്ച ‘ക്വൊമെഡോകൊണ്‍ക്വിസ്’ എന്ന വാക്കും ഈയിടെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ‘ക്വൊമെഡോകൊണ്‍ക്വിസ്’ എന്ന വാക്കിന്റെ അര്‍ത്ഥം ഏത് വിധേനെയും പണം സമ്പാദിക്കുക എന്നതാണ്. ‘സീനിയര്‍സിറ്റിസണ്‍സ് കണ്‍സഷന്‍സ്’ എന്ന ഹാഷ്ടാഗോടെ റെയില്‍വേയെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2020ല്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനുള്ള ഇളവ് റെയില്‍വേ റദ്ദ് ചെയ്തിരുന്നു. കൊവിഡ് കുറഞ്ഞിട്ടും ഇത് പുനഃസ്ഥാപിക്കാത്തതിനെ തുടര്‍ന്നാണ് പരിചയമില്ലാത്ത പദപ്രയോഗവുമായി ശശി തരൂര്‍ എത്തിയത്. അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രയോഗിക്കുന്നയാളാണ് ശശി തരൂര്‍.