തിരുവനന്തപുരം: ലൈഫ് മിഷന് കോഴക്കേസില്‍ സി എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം ഏഴിന് രാവിലെ 10.30ന് കൊച്ചി ഓഫീസിലാണ് ഹാജരാകാനാണ് നോട്ടീസ്. ലൈഫ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും ഇഡി നോട്ടീസ് അയച്ചു. പി ബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകാനാണ് നോട്ടീസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടുന്നതിനും വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനുമാണ് ഇഡിയുടെ നീക്കം.
കഴിഞ്ഞ മാസം 27ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സി എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭ ചേരുന്നതിനാല്‍ എത്താനാകില്ലെന്ന് അറിയിക്കുകയായിരുന്നു. കേസിലെ എല്ലാ ഇടപാടുകളും സി എം രവീന്ദ്രന്റെ അറിവോടെ ആയിരുന്നുവെന്നാണ് സ്വപ്ന നല്കിയ മൊഴി. സ്വപ്നയുടേയും ശിവശങ്കറിന്റെയും വാട്സ് ആപ്പ് ചാറ്റിലും രവീന്ദ്രനെ കുറിച്ചുള്ള പരാമര്‍ശമുണ്ടെന്നും ഇഡി കണ്ടെത്തി. ഈ സാഹചര്യത്തില്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി നോട്ടീസ് നല്‍കിയത്.