യുക്രൈന് തലസ്ഥാന നഗരം ലക്ഷ്യമാക്കി റഷ്യയുടെ വന്‍ സൈനിക വ്യൂഹം നീങ്ങുന്നതിനിടെ ഇന്ത്യന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി എംബസി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാന് ഇന്ന് തന്നെ കീവ് വിടണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. സാധ്യമായ വഴികള്‍ സ്വീകരിച്ച് കീവ് വിടണമെന്നാണ് ഇന്ത്യന്‍ എംബസി പൗരന്മാര്ക്ക് നല്കുന്ന മുന്നറിയിപ്പ്.
ലഭ്യമായ ട്രെയിനുകളില്‍ കയറാന്‍ ശ്രമിക്കുക, മറ്റ് സാധ്യമായ വഴികള്‍ തേടുക. അടിയന്തിരമായി കീവ് വിടണം എന്നുമാണ് എംബസിയുടെ അറിയിപ്പ്. യുക്രൈനിലെ സാഹചര്യങ്ങള്‍ രൂക്ഷമാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍.
അതേസമയം, യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ ദൗത്യമായ ഓപ്പറേഷന് ഗംഗയില്‍ വ്യോമസേനയും ഭാഗമാവുന്നു. പ്രധാന മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. വ്യാമസേനയുടെ ചരക്ക് വിമാനങ്ങള്‍ രക്ഷാ ദൗത്യത്തിനായി ഇന്ത്യയില്‍ നിന്നും ഉടന്‍ തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ സര്‍ക്കാര്‍ മന്ത്രിമാരെ തന്നെ നിയോഗിച്ചാണ് യുക്രൈന്റെ അയല്‍രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന് ഗംഗ പദ്ധതി പുരോഗമിക്കുന്നത്. ഇതിനോടകം ഒമ്പത് വിമാനങ്ങളിലായി ആയിരത്തിലധികം പേരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു. ഇന്ന് രണ്ട് വിമാനങ്ങളാണ് ഇന്ത്യയിലെത്തുക. ബുക്കാറസ്റ്റില്‍ നിന്നും ബുഡാപെസ്റ്റില്‍ നിന്നുമാണ് ഫ്ളൈറ്റുകള്‍ എത്തുക.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഹര്‍ദീപ് സിങ് പുരി, വി കെ സിങ്,കിരണ്‍ റിജിജു എന്നിവര്‍ അയല്‍രാജ്യങ്ങളിലെ യുക്രൈന് അതിര്‍ത്തിയില്‍ നേരിട്ട് എത്തി ഓപ്പറേഷന് ഗംഗയ്ക്ക് നേതൃത്വം നല്‍കും.