കേരള പബ്ലിക് സര്‍വീസ് കമ്മീഷനിലേക്കുള്ള (കെ-പിഎസ്സി) അംഗങ്ങളുടെ നോമിനേഷന് വിഷയത്തില്‍ കേരളത്തിലെ എന്‍സിപിയില്‍ തുടരുന്ന ഭിന്നത മറനീക്കി പുറത്തുവന്നു. പിഎസ്സി അംഗത്വം വിറ്റെന്നാരോപിച്ച് ഒരുവിഭാഗം രംഗത്തുവന്നു, നിലവിലെ സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരത് പവാറിന് ഇവര്‍ പരാതി നല്കി. സംഭവം പുറത്തുവന്നതോടെ അംഗത്വ വില്‍പ്പന ഇടതുമുന്നണിക്കും തലവേദനയാവുകയാണ്. ഇതോടെ കേരള നേതാക്കളെ വിളിച്ചുവരുത്തിയിരിക്കുകയാണ് ശരദ് പവാര്‍. ഈമാസം 5നാണ് നേതാക്കളോടെ മുംബെയിലെത്താന്‍ പവാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോക്കെതിരേയാണ് പിഎസ്സി അംഗത്വം വിവാദത്തിലെ പ്രദാന ആരോപണം. പാര്‍ട്ടിയിലെ കഴക്കൂട്ടം സ്വദേശിനിയായ ഒരു നവാഗതക്ക്’വിറ്റു’ എന്നാരോപിച്ച് മന്ത്രി എ കെ ശശീന്ദ്രന് അനുകൂലികളാണ് രംഗത്തുള്ളത്.
പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് ‘നഷ്ടമായ വില്‍പ്പന’ മാത്രമാണെന്ന് പ്രമുഖനേതാവ് പറഞ്ഞു,’സഖ്യത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും പിഎസ്സിയിലേക്ക് തങ്ങള്‍ക്കിഷ്ടമുള്ള ആളുകളെ നോമിനേറ്റ് ചെയ്യാന്‍ അര്‍ഹതയുണ്ട്. പലപ്പോഴും, എല്ലാ പാര്‍ട്ടികളും പാര്‍ട്ടിയില്‍ വളരെ മുതിര്‍ന്നവരും ഒരു പ്രധാന സ്ഥാനം വഹിക്കുന്നവരുമായ ഒരു വ്യക്തിയെ ആണ് നിയോഗിക്കുക. മാത്രമല്ല, നോമിനി മുഴുവന്‍ സമയ അംഗമായിരിക്കും. എന്നാല്‍ ഈ സാഹചര്യത്തില്‍ എല്ലാ പാര്‍ട്ടി മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടു,’എന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞു.
പാര്‍ട്ടിയുടെ വനിതാ വിഭാഗം സെക്രട്ടറിയെ പിഎസ്സി അംഗമായി നോമിനേറ്റ് ചെയ്യാന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ തീരുമാനിച്ചതിനെ തുടര്‍ന്നാണ് വിവാദം തുടങ്ങിയത്. അംഗത്വം ലക്ഷ്യമിട്ട് ആറ് മാസം മുമ്പാണ് ഇവര്‍ പാര്‍ട്ടിയുടെ വനിതാ വിഭാഗത്തില്‍ ചേര്‍ന്നതെന്നും എന്‍സിപിയുടെ മുഴുവന്‍ സമയ അംഗമല്ലെന്നും എതിര് വിഭാഗം അവകാശപ്പെട്ടു.
‘വനിതാ വിഭാഗമോ യുവജന വിഭാഗമോ പോലുള്ള അനുബന്ധ സംഘടനകള്‍ക്ക് പ്രതിനിധികളെ നോമിനേറ്റ് ചെയ്യുന്ന പാരമ്പര്യം പാര്‍ട്ടിക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍, പാര്‍ട്ടി അംഗത്വമുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗത്തെ ആയിരിക്കും നിയമിക്കുക. വിവാദ വ്യക്തി സംഘടനയിലേക്ക് വന്നത് ചില മുതിര്‍ന്ന നേതാക്കളുടെ ഒത്താശയിലാണത്രെ. ഇതിന്റെ മറവില്‍ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നുവെന്നും ആരോപണമുയര്ന്നിട്ടുമണ്ട്. പിഎസ്സി അംഗമായി നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി സംസ്ഥാന പ്രസിഡന്റിന്റെ അടുത്ത സഹായി ഈ സ്ത്രീയില്‍ നിന്ന് 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്ന ആരോപണമാണ് ചില എന്‍സിപി നേതാക്കള്‍ ഉയര്‍ത്തുന്നത്.
സംഭവം വിവാദമായതോടെ സര്‍ക്കാര്‍ നിയമനം തടഞ്ഞതായാണ് വിവരം. ഇതിനോട് പ്രതികരിക്കാന്‍ പാര്‍ട്ടി-സംസ്ഥാന നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. പിഎസ്സി അംഗങ്ങളുടെ നാമനിര്‍ദേശം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് പി സി ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയും ഫലം കണ്ടില്ല. പ്രശ്നം എല്‍ഡിഎഫ് കണ്‍വീനറുമായി ചര്‍ച്ച ചെയ്യാന്‍ പറഞ്ഞ് അദ്ദേഹം ഒഴിവായി. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെയും സിപിഐ എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ടെങ്കിലും പരിഹാരമായില്ല. പാര്‍ട്ടിയിലെ അതൃപ്തി ആദ്യം പരിഹരിക്കണമെന്ന് ഇരു നേതാക്കളും ചാക്കോയോട് പറഞ്ഞു.
പിഎസ്സി നോമിനി പാര്‍ട്ടിയുടെ മുഴുവന്‍ സമയ അംഗമായിരിക്കണം എന്നാണ് എകെ ശശീന്ദ്രന് വിഭാഗത്തിന്റെ നിലപാട്. ഇതിനിടെയാണ് പ്രതിസന്ധി പരിഹരിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഇടപെടുകയും പി സി ചാക്കോ, എ കെ ശശീന്ദ്രന് എന്നിവരടക്കം സംസ്ഥാനത്തെ നാല് മുതിര്‍ന്ന നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിക്കുകയും ചെയ്തത്. ശരദ് പവാറിനും എ കെ ശശീന്ദ്രനും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജനുവരി 26ന് നടത്താനിരുന്ന യോഗം മാറ്റിവക്കുകയായിരുന്നു.