ദില്ലി: ഇന്ത്യൻ കരസേന മേധാവി സ്ഥാനത്ത് നിന്നും ജനറൽ ബിപിൻ റാവത്ത് ഇന്ന് വിരമിക്കും. 2016 ഡിസംബർ 31 നായിരുന്നു അദ്ദേഹം കരസേന മേധാവി ആയി ചുമതലയേറ്റത്. സംയുക്ത സേന മേധവിയായി ബിപിൻ റാവത്തിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. ഇതോടെ ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയാകും ബിപിൻ റാവത്ത്. ലെഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ് നരവാനെ ആണ് പുതിയ കരസേനാ മേധാവി.
ഫോർ സ്റ്റാർ ജനറൽ പദവിയിലാകും സംയുക്ത സേന മേധാവിയുടെ നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമായിരുന്നു ഈ പദവി. 65 വയസ് വരെ പ്രായമുള്ളവര്ക്കെ ഈ പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. രാഷ്ട്രപതിക്ക് കീഴിൽ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതൽ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും. ബിപിൻ റാവത്ത് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്നും നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
യുഎൻ സെക്യൂരിറ്റി കൗൺസിലിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളിലും സൈനികവിഭാഗത്തിൽ (പി-5 എന്ന അഞ്ച് രാജ്യങ്ങൾ) ഇത്തരത്തിൽ ഒരു പദവിയുണ്ട്. രാജ്യത്തിന്റെ ആയുധം വാങ്ങൽ ശേഷിയും ആവശ്യങ്ങളും കൃത്യമായി പ്രതിരോധവകുപ്പിനെ അറിയിക്കൽ, മൂന്ന് സേനകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ എന്നിവ സംയുക്ത സേനാ മേധാവിയുടെ ചുമതലകളിൽ ചിലതാണ്.