ന്യൂഡല്‍ഹി: ജനപക്ഷം നേതാവും മുൻ എംഎല്‍എയുമായ പി.സി. ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. ജനപക്ഷം പാർട്ടി ബിജെപിയില്‍ ലയിപ്പിച്ചു.ജോർജിനൊപ്പം മകൻ ഷോണ്‍ ജോർജും ബിജെപി അംഗത്വം സ്വീകരിച്ചു.
ഇന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി.സി. ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കർ, അനില്‍ ആന്റണി എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.
തുടർന്ന് നേതാക്കള്‍ ജോർജിനെയും ഷോണിനെയും പാർട്ടിയുടെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. വൈകുന്നേരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി പി.സി ജോർജ് കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ കരുത്തനായ നേതാവാണ് പി.സി. ജോർജെന്നും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ പോരാടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും വി. മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി ദേശീയനേതൃത്വം ആവശ്യപ്പെട്ടതിനെത്തുടർന്ന് പി.സി. ജോർജും ഷോണ്‍ ജോർജും പാർട്ടിയിലെ ഒരു നേതാവും ചൊവ്വാഴ്ച ഡല്‍ഹിയില്‍ വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറാണ് ചർച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
ഇന്നു ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി പി.സി. ജോർജ് ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഔദ്യോഗിക തീരുമാനമായത്.
ആദ്യം ജനപക്ഷത്തെ ഒരു ഘടകകക്ഷിയായി മുന്നണിയിലെടുക്ക ണമെന്ന ആവശ്യം ജോർജ് മുന്നോട്ടുവച്ചെങ്കിലും സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് ശക്തമായതോടെയാണ് പാർട്ടിയില്‍ ചേരണമെന്ന ആവശ്യം അംഗീകരിക്കാൻ തയാറായത്.