ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം വികസിത നിര്മാണകാലമാണെന്നും ആത്മനിര്‍ഭരമായ ഇന്ത്യയാണ് ലക്ഷ്യമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കുറിച്ചുകൊണ്ട് നയപ്രഖ്യാപനം നടത്തുകയായിരുന്നു രാഷ്ട്രപതി. പാര്‍ലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്തു. ഇന്ത്യയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.ലോകം
ഇന്ത്യയെ കാണുന്ന രീതി മാറിയെന്നും രാജ്യം അഴിമതി മുക്തമായെന്നും രാഷ്ട്രപതി പറഞ്ഞു. സത്യസന്ധതയെ വിലമതിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്. രാജ്യമാണ് സര്‍ക്കാരിന് പ്രഥമം. ഇച്ഛാശക്തിയുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ ദൃഢമാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ട് നില്ക്കുന്നു. സ്ത്രീകള്‍ക്ക് നിരവധി പദ്ധതികള്‍ കൊണ്ടുവരും. സ്ത്രീ സുരക്ഷ മുന്‍പുള്ളതിനേക്കാള്‍ മെച്ചപ്പെട്ടുവെന്നും സൈന്യത്തില്‍ സ്ത്രീകളുടെ എണ്ണം കൂടിവരുന്നുവെന്നും രാഷ്ട്രപതി പരാമര്‍ശിച്ചു.
അതിര്‍ത്തിയില്‍ ഇന്ത്യ ശക്തമാണ്. ജമ്മുകാശ്മീരില്‍ സാഹചര്യം മെച്ചപ്പെട്ടുവെന്നും അതിര്‍ത്തി ഗ്രാമങ്ങള്‍ കൂടുതല്‍ സുരക്ഷിതമാണെന്നും രാഷ്ട്രപതി പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മുത്തലാഖ് നിരോധനവും നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിച്ച രാഷ്ട്രപതി ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദിവാസി മേഖലകളില്‍ വലിയ വികസനമാണ് സാധ്യമായതെന്നും രാഷ്ട്രപതി പറഞ്ഞു.
ദാരിദ്ര്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. കൊവിഡ് കാലഘട്ടത്തിലും ആര്‍ക്കും പട്ടിണിയില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കി. ആയുഷ്മാന്‍ ഭാരത് പദ്ധതി പാവപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കി. ആരോടും സര്‍ക്കാര്‍ വിവേചനം കാണിച്ചില്ല. പാവപ്പെട്ടവരെ ബാങ്കിങ് മേഖലയുമായി ബന്ധിപ്പിച്ചു. തെരുവു കച്ചവടക്കാര്‍ക്ക് പലിശ രഹിത വായ്പ നല്കി. സര്‍ക്കാര്‍ ചെറുകിട കര്‍ഷകര്‍ക്ക് ഒപ്പം നിന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ കൂടുതലും സ്ത്രീകളാണെന്നും രാഷ്ട്രപതി പറഞ്ഞു.