പല്ഖര്; രോഗത്തിന്റെ പേരില്‍ 62കാരിയായ അമ്മയെ കൊലപ്പെടുത്തി മകന്. മഹാരാഷ്ട്ര പല്‍ഖറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. വിട്ടുമാറാതെ നില്ക്കുന്ന അമ്മയുടെ രോഗത്തില്‍ മനംമടുത്താണ് ഇയാള്‍ ക്രൂരകൊലപാതകം നടത്തിയത്. കൊലപാതകത്തില്‍ മുപ്പതുകാരനായ ജയ്പ്രകാശ് ദിബിയെ പൊലീസ് അറസ്റ്റു ചെയ്തു.
താരാപൂരില്‍ ഞായറാഴ്ചയാണ് വീട്ടിലെ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന അമ്മ ചന്ദ്രവതിയെ ജയ്പ്രകാശ് ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. ഇവര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇളയമകന്റെ പരാതിയിലാണ് പൊലീസ് ജയ്പ്രകാശിനെ അറസ്റ്റു ചെയ്തത്. കൊലചെയ്തതായി ഇയാള്‍ സമ്മതിച്ചു. അമ്മയ്ക്ക് എപ്പോഴും രോഗമാണെന്നും അതില്‍ മനംമടുത്താണ് അമ്മയ്ക്ക് മോക്ഷം ലഭിക്കാനായി കൊലനടത്തിയത് എന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്തു.