സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത നഗരം ഡല്‍ഹിയെന്ന് കണക്കുക്കള്‍. 2021ല്‍ സ്ത്രീകള്‍ക്കെതിരെ 13,892 കുറ്റകൃത്യങ്ങളാണ് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2020 നെ അപേക്ഷിച്ച് 40 ശതമാനത്തിന്റെ വര്‍ധനയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളില്‍ ഉണ്ടായിരിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍.
19 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ കേസുകളുടെ എണ്ണം 43,414 ആണ്. ഇതിന്റെ 32.20 ശതമാനവും ഡല്‍ഹിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 5,543 കേസുകളുമായി മുംബൈ രണ്ടാമതും, 3,127 കേസുകളുമായി ബംഗളൂരു മൂന്നാമതുമാണുള്ളത്. മൊത്തം കുറ്റകൃത്യങ്ങളില്‍ യഥാക്രമം 12.76 ശതമാനവും 7.2 ശതമാനവും മുംബൈയിലും ബംഗളൂരുവിലുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡല്‍ഹിയില്‍ പ്രതിദിനം രണ്ടിലധികം പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തട്ടിക്കൊണ്ടു പോകല്‍ (3948), ഭര്ത്താക്കന്മാരില് നിന്നുള്ള ക്രൂരത (4674), ബലാത്സംഗം (833) എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ദേശീയ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2021-ല്‍ 136 സ്ത്രീധന മരണ കേസുകള്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് ഭീഷണി മൂലമുള്ള മൊത്തം മരണത്തിന്റെ 36.26 ശതമാനമാണ്. അതേസമയം കൊലപാതക കേസുകളില്‍ നേരിയ കുറവുണ്ടായതായി എന്‍.സി.ആര്.ബി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു