രണ്ടാം മോദി സര്‍ക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കൈവരിച്ച സുപ്രധാന നേട്ടങ്ങളെക്കുറിച്ചും കൊറോണ കാരണം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കത്ത്.
കൊറോണവൈറസ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്നാണ് ലോകം പ്രതീക്ഷിച്ചത്. എന്നാൽ ഇന്ത്യക്കാര്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലൂടെയും ഊര്‍ജ്ജസ്വലതയിലൂടെയും ലോകത്തിന് ഇന്ത്യയോടുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങള്‍ തെളിയിച്ചുവെന്നും മോദി കത്തിൽ പറയുന്നു.
നിലവിലെ പ്രതിസന്ധിയില്‍ ആര്‍ക്കും അസൗകര്യമോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെടാനാവില്ല. നമ്മുടെ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ അത്തരത്തിലുള്ള എല്ലാവരും വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കുകയാണ്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഏകീകൃതവും നിശ്ചയദാര്‍ഢ്യവുമായ രീതിയില്‍ സർക്കാർ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഐക്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന രീതി വെച്ചുനോക്കുമ്പോള്‍, സാമ്പത്തിക പുനരുജ്ജീവനത്തിലും നാം ഒരു മാതൃക കാണിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. സാമ്പത്തിക മേഖലയില്‍ അവരുടെ ശക്തിയില്‍ 130 കോടി ഇന്ത്യക്കാര്‍ക്ക് ലോകത്തെ അത്ഭുതപ്പെടുത്താന്‍ മാത്രമല്ല, പ്രചോദിപ്പിക്കാനും കഴിയുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
സ്വയം പര്യാപ്തത കൈവരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നമ്മുടെ ശേഷികൾ അടിസ്ഥാനമാക്കി, നമ്മുടേതായ വഴികളിലൂടെ നമുക്ക് മുന്നോട്ട് പോയേ തീരൂ. ആത്മനിർഭർ ഭാരത് അല്ലെങ്കിൽ സ്വയംപര്യാപ്ത ഇന്ത്യ. ആത്മനിർഭർ ഭാരത് അഭിയാന് വേണ്ടി അടുത്തിടെ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ഈ ദിശയിലുള്ള പ്രധാന കാൽവയ്പാണ് കർഷകർക്കും തൊഴിലാളികൾക്കും സംരംഭകർക്കും ഇത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.