ആന്ധ്രയില്‍ ക്ഷേത്രത്തിന്റെ മതില് തകര്‍ന്ന് എട്ട് പേര് മരിച്ചു. വിശാഖപട്ടണത്തെ സിംഹാചലം ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആഭ്യന്തര മന്ത്രി അനിത, വിശാഖപട്ടണം ജില്ലാ കലക്ടര്‍ ഹരേന്ദ്രിര പ്രസാദ് എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.
ഇന്നലെ രാത്രി രണ്ടരയോടെയാണ് ക്ഷേത്രത്തിന്റെ മതില് ഇടിഞ്ഞുവീണ് അപകടമുണ്ടാകുന്നത്. 20 ദിവസം മുന്‍പ് മാത്രം കെട്ടിയ മതിലാണ് പൊളിഞ്ഞു വീണത്. ക്ഷേത്രത്തിലിപ്പോള്‍ ചന്ദനോത്സവം നടക്കുകയാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഭക്തര്‍ക്ക് ഈ വിഗ്രഹം കാണാന്‍ കഴിയുക. അതിനാല്‍ തന്നെ എല്ലാ വര്‍ഷവും നിരവധി ഭക്തര്‍ എത്താറുമുണ്ട്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ക്യൂ സംവിധാനം ക്രമീകരിച്ചിരുന്നു. ഇത്തരത്തില്‍ 300 രൂപയുടെ ടോക്കണ്‍ എടുക്കുന്നതിനുള്ള കൗണ്ടറിന് മുന്നില്‍ നിന്ന ഭക്തരുടെ മുകളിലേക്കാണ് മതില് തകര്‍ന്നു വീണത്. മതില് തകര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി മാറി. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടും പെട്ടും അപകടമുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മഴ പെയ്തതാണ് അപകട കാരണം എന്നാണ് വിവരം. മതിലിന് മതിയായ സുരക്ഷയുണ്ടായില്ലെന്ന ആരോപണവുമുണ്ട്. ക്ഷേത്ര ഭാരവാഹികളില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്.