ന്യൂഡല്‍ഹി: ഗായിക അനുരാധ പഡ്വാള് തന്റെ അമ്മയാണെന്നും മാതൃത്വം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് വര്‍ക്കല സ്വദേശി തിരുവനന്തപുരം കോടതിയില്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബ കോടതിയിലെ കേസ് മുബൈയിലേക്കു മാറ്റണം എന്നാവശ്യപ്പെട്ട് അനുരാധ പഡ്വാള് നല്കിയ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.
അനുരാധ പഡ്വാള് തന്റെ അമ്മയാണെന്നും അവരുടെ സ്വത്തില്‍ അവകാശമുണ്ടെന്നും കാണിച്ച് വര്‍ക്കല സ്വദേശി കര്‍മ്മല മോഡക്സ് ആണ് തിരുവനന്തപുരം കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അനുരാധ പഡ്വാള് അരുണ്‍ പഡ്വാള് ദമ്ബതികളുടെ മൂത്ത മകളായ തന്നെ സംഗീത രംഗത്തെ തിരക്കുകാരണം കുടുംബ സുഹൃത്തും സൈനികനുമായ വര്‍ക്കല സ്വദേശി പൊന്നച്ചനെ നോക്കാനേല്‍പ്പിക്കുകയായിരുന്നെന്നും പൊന്നച്ചന്റെയും ഭാര്യ ആഗ്നസിന്റെയും മൂന്ന് മക്കളോടൊപ്പമാണ് താന്‍ വളര്‍ന്നതെന്നും കര്‍മ്മല പറയുന്നു.പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോള്‍ അനുരാധയും ഭര്‍ത്താവുമെത്തി കര്‍മ്മലയെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അന്ന് കുട്ടിയായിരുന്ന കമല അവര്‍ക്കൊപ്പം പോയില്ല. അതിനുശേഷം അനുരാധ മകളെ മറന്നു. കര്‍മ്മലയുടെ വിവാഹം നടത്തിയതും പൊന്നച്ചനാണ്.
പൊന്നച്ചന്റെ മരണത്തിന് തൊട്ടുമുന്‍പാണ് തന്റെ യഥാര്‍ത്ഥ അമ്മ അനുരാധയാണെന്ന് കര്‍മ്മലയെ അറിയിക്കുന്നത്.കര്‍മ്മല അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും മകളായി അംഗീകരിക്കാന്‍ തയ്യാറായില്ല. അനുരാധയുടെ മറ്റു രണ്ടു പെണ്മക്കള് ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇതേതുടര്‍ന്നാണ് കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാല്‍ 50 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.