കാണ്‍പൂരിലെ സുഗന്ധ വ്യവസായി പിയൂഷ് ജെയിനിന്റെ വീട്ടില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 257 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. ജി.എസ്.ടി ഉദ്യോഗസ്ഥര്‍ വിലാസം മാറിയാണ് ജെയിനിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ ധനമന്ത്രി പി ചിദംബരം അടക്കമുള്ള ആളുകള്‍ ഇക്കാര്യം ട്വീറ്റ് ചെയ്തു.
കണ്ണൗജിലെ പി.ജെ എന്ന ചുരുക്കപ്പേരുള്ള ആളുടെ വീട്ടില്‍ റെയ്ഡ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്ന നിര്‍ദേശമത്രെ. നഗരത്തില്‍ ഇതേ പേരില്‍ രണ്ട് പേരുണ്ട്. ഒന്ന്, പിയൂഷ് ജയിന്. രണ്ട്, പുഷ്പരാജ് ജെയിന്. രണ്ടു പേര്‍ക്കും ഒരേ ബിസിനസ്- സുഗന്ധ വ്യാപാരം.
റെയ്ഡ് നടന്ന വേളയില്‍ സമാജ് വാദി പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് പിയൂഷ് ജയിന് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈയിടെ പുറത്തിറക്കിയ സമാജ്വാദി അത്തര്‍ നിര്‍മിച്ചത് ഇയാളാണ് എന്നും ചിത്രസഹിതം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത്തര്‍ നിര്‍മിച്ചത് പിയൂഷായിരുന്നില്ല. സമാജ് വാദി എം.എല്‍.സിയായിരുന്ന പുഷ്പരാജ് ആയിരുന്നു.
കഴിഞ്ഞ ദിവസം എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാക്പോരിലും ഏര്‍പ്പെട്ടിരുന്നു. ‘ബിജെപി സ്വന്തം ബിസിനസുകാരനെ തെറ്റിദ്ധരിച്ച് റെയ്ഡ് നടത്തി. പുഷ്പരാജ് ജെയിനിന് പകരം പിയൂഷ് ജെയിനിനെ’ – എന്നാണ് അഖിലേഷ് പറഞ്ഞിരുന്നത്. ഇതേ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ യുപി റാലിയില്‍ പരാമര്‍ശിച്ചത് ഇങ്ങനെ; ‘കാണ്‍പൂരിലെ ജനങ്ങള്‍ക്ക് വ്യാപാരവും ബിസിനസും മനസ്സിലാകും. 2017ന് മുമ്പ് അഴിമതിയുടെ ഗന്ധമാണ് യുപിയില്‍ പടര്‍ന്നിരുന്നത്. സംസ്ഥാനത്തെ കൊള്ളയടിക്കാനുള്ള ലോട്ടറിയായിരുന്നു അവര്‍ക്ക് തെരഞ്ഞെടുപ്പ് വിജയം.’ – എന്നിങ്ങനെയായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനാണ് അഖിലേഷ് യാദവ് മറുപടി നല്‍കിയത്.
മധ്യേഷ്യയില്‍ അടക്കം കമ്പനികളുള്ള ബിസിനസുകാരനാണ് പിയൂഷ് ജയിന്. ഇയാള്‍ക്ക് നാല്‍പ്പതിലേറെ വ്യാജ കമ്പനികളുണ്ട് എന്നാണ് ജി.എസ്.ടി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ വീട്, സ്ഥാപനങ്ങള്‍, കോള്‍ഡ് സ്റ്റോറേജ്, പെട്രോള്‍ പമ്പ് തുടങ്ങിയവയില്‍ നടത്തിയ റെയ്ഡിലാണ് ഇരുനൂറു കോടിയിലേറെ രൂപ കണ്ടെത്തിയത്. 23 കിലോ സ്വര്‍ണവും 250 കിലോ വെള്ളിയും പിടിച്ചെടുത്തിട്ടുണ്ട്. പിയൂഷിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
2016ല്‍ ഇറ്റാവ-ഫറൂഖാബാദില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എം.എല്‍.സിയാണ് പുഷ്പരാജ് ജെയിന്. പ്രഗതി അരോമ ഓയില്‍ ഡിസ്റ്റല്ലറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമകളിലൊരാളാണ്. 2016ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂല പ്രകാരം 48 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഈയിടെ സമാജ് വാദി അത്തര്‍ ഉണ്ടാക്കിയത് പുഷ്പരാജ് ജയിന് ആയിരുന്നു.