അയോധ്യയിലെ രാമക്ഷേത്രത്തിലെ മേല്‍ക്കൂരച്ചോര്‍ച്ചക്ക് പിന്നാലെ യോഗി സര്‍ക്കാരിനെ വെട്ടിലാക്കി രാംപഥ് റോഡിലെ കുഴികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ ക്ഷേത്ര നഗരത്തില്‍ കനത്ത വെള്ളക്കെട്ടിന് കാരണമായി. സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ധ്രുവ് അഗർവാൾ, അസിസ്റ്റൻന്റ് എഞ്ചിനീയർ അനൂജ് ദേശ്വാൾ, ജൂനിയർ എഞ്ചിനീയർ പ്രഭാത് പാണ്ഡെ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ആനന്ദ് കുമാർ ദുബെ, അസിസ്റ്റന്റ് എഞ്ചിനീയർ രാജേന്ദ്ര കുമാർ യാദവ്, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
റോഡിന്റെ 14 കിലോമീറ്റര്‍ ദൂരത്ത് വിവിധ ഭാഗങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടത്. റോഡരികിലെ വീടുകൾ പോലും വെള്ളത്തിനടിയിലായി.കഴിഞ്ഞ ശനിയാഴ്ച അർധരാത്രി പെയ്ത കനത്ത മഴയെ തുടർന്നാണ് ക്ഷേത്രത്തില്‍ ചോർച്ചയുണ്ടായതെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യ പുരോഹിതന് ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയത്. ക്ഷേത്രത്തിൻ്റെ മേൽക്കൂരയിൽ നിന്ന് ഒഴുകുന്ന മഴവെള്ളം കോംപ്ലക്സിനുള്ളിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.