തുടര്‍ച്ചയായ മൂന്നാം ദിവസവും ജമ്മുവില്‍ ഡ്രോണ്‍ കണ്ടെത്തി. സുഞ്ച്വാന് സൈനികത്താവളത്തിന് സമീപം പുലര്‍ച്ചെ രണ്ടരയോടെ ഇന്ന് ഡ്രോണ്‍ കണ്ടെത്തിയത്. ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണം എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
അതേസമയം, ജമ്മു കശ്മീര്‍ പൊലീസ് ഇന്നലെ പിടികൂടിയ ലഷ്കര്‍ കമാന്‍ഡര്‍ നദീം അബ്റാര്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍ ഭീകരരുടെ ഒളിത്താവളത്തില്‍ പരിശോധന നടത്തുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ അബ്റാര്‍ കൊല്ലപ്പെട്ടു എന്നാണ് പൊലീസിന്റെ വിശദീകരണം. ഭീകരരുടെ ഒളിത്താവളത്തെ കുറിച്ച് അബ്റാറില്‍ നിന്നാണ് വിവരം ലഭിച്ചത്.
അബ്റാറിനെയും കൊണ്ട് ഒളിത്താവളത്തില്‍ പരിശോധന നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പാക്പൗരനായ മറ്റൊരു ലഷ്കര്‍ ഭീകരനെയും വധിച്ചതായി പൊലീസ് അറിയിച്ചു. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അബ്റാര്‍ ലഷ്കറെ തയിബയുടെ ഉന്നത കമാന്‍ഡര്‍മാരില്‍ ഒരാളാണ്.