ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപത്തിനിടെ പോലീസ് ദേശീയഗാനം പാടിച്ച യുവാവ് മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കര്‍ദംപുരിയില്‍ നിന്നുള്ള ഫൈസാന്‍ എന്ന യുവാവാണു ജിടിബി ആശുപത്രിയില്‍ വ്യാഴാഴ്ച മരിച്ചത്.
പരിക്കേറ്റു നിലത്തുകിടന്ന അഞ്ചുപേര്‍ ദേശീയ ഗാനം പാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു. പരിക്കേറ്റു നിലത്തുകിടക്കുന്ന ഫൈസാനുനേരെ ലാത്തിചൂണ്ടി പോലീസ് നിര്‍ബന്ധിപ്പിച്ച് ദേശീയഗാനം പാടിപ്പിക്കുന്നതും പോലീസുകാര്‍ ഇവര്‍ക്കു ചുറ്റം വട്ടംകൂടി നില്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിലത്തുകിടക്കുന്നവര്ക്കു നേരെ ലാത്തികൊണ്ടു ചൂണ്ടി നന്നായി പാടു എന്ന ആജ്ഞാപിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. കലാപം രൂക്ഷമായ ഫെബ്രുവരി 24നാണ് വീഡിയോ പുറത്തുവന്നത്. ഈ വീഡിയോ വ്യാജമാണെന്നായിരുന്നു ഡല്‍ഹി പോലീസ് അവകാശപ്പെട്ടത്. എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്നു പിന്നീട് വ്യക്തമായി.