ന്യൂഡല്‍ഹി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്തു നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ബുധനാഴ്ച വിധി പറയും. കേസില്‍ വാദം കേട്ട ജസ്റ്റീസ് ആര്. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച വിധി പറയാന്‍ മാറ്റിയിരുന്നു. ദയാഹര്‍ജിക്കൊപ്പം നല്കിയ മുഴുവന്‍ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്നും രാഷ്ട്രപതി ഏകപക്ഷീയമായ നടപടിയാണെടുത്തതെന്നുമായിരുന്നു മുകേഷ് സിംഗിന്റെ ആരോപണം.
അതിക്രൂരമായ പീഡനമാണ് മുകേഷ് സിംഗ് തിഹാര്‍ ജയിലില്‍ നേരിടേണ്ടി വന്നതെന്ന് മുതിര്‍ന്ന അഭിഭാഷക അഞ്ജന പ്രകാശ് കോടതിയില്‍ വാദിച്ചിരുന്നു. പ്രതിയായ അക്ഷയ് സിംഗുമായി ലൈംഗികമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചു. പ്രതി രാംസിംഗിനെ ജയിലില്‍ കൊലപ്പെടുത്തിയതാണ്. അത് ആത്മഹത്യയാക്കി മാറ്റി. മുകേഷ് സിംഗിനെ ഏകാന്ത തടവിലേക്കു മാറ്റിയതില്‍ നടപടി ക്രമങ്ങളില്‍ പാളിച്ചയുണ്ടായി. വധശിക്ഷയ്ക്കു വിധിച്ചയാളിനെ ദയാഹര്‍ജി തള്ളിയതിനുശേഷമേ ഏകാന്ത തടവിലേക്കു മാറ്റാവൂയെന്നാണ് ചട്ടം. അതു ലംഘിക്കപ്പെട്ടെന്നും അഭിഭാഷക വാദിച്ചത്.