നാഗ്പുര്‍: സ്വതന്ത്ര ഇന്ത്യയെ രാജഭരണ കാലത്തേക്ക് കൊണ്ടുപോകാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ മഹാറാലിയിലാണ് പ്രധാനമന്ത്രിയെയും ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ മുതല്‍ സുപ്രീംകോടതിയെ വരെയും സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുകയാണ്. രാജ്യത്ത് വൈസ് ചാൻസലര്‍മാരെ നിയമിക്കുന്നത് മെറിറ്റ് അടിസ്ഥാനത്തിലല്ലെന്നും രാജ്യത്ത് മാധ്യമപ്രവര്‍ത്തനത്തിനും ബിജെപി കടിഞ്ഞാണിടാൻ ശ്രമം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്രിട്ടീഷ് ഭരണം നിലനിന്ന കാലത്ത് ഭിന്നിച്ചുകിടന്ന നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യയിലെ ജനങ്ങളുടെ കൈകളിലേക്ക് അധികാരം നല്‍കിയത് കോണ്‍ഗ്രസാണ്. അക്കാലത്ത് ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് ഇതിനെ എതിര്‍ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ആരെയും കേള്‍ക്കാൻ തയാറാകുന്നില്ല. ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. ഇത് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. ബിജെപിയില്‍ അടിമ മനോഭാവമാണ് നിലനില്‍ക്കുന്നത്. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമേ നിവര്‍ത്തിയുള്ളൂവെന്നും രാഹുല്‍ പരിഹസിച്ചു.