ദില്ലി: മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയല്ലെന്നും ഇത്തരം ചിന്തകളെ ബിജെപി നിഷേധിക്കുന്നെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ച എംപി പ്രഗ്യാ സിങ് ഠാക്കൂറിന്റെ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ച ചിന്തയെ അപലപിക്കുന്നു. മഹാത്മാ ഗാന്ധിയുടെ പ്രത്യയശാസ്ത്രങ്ങള്‍ മുമ്പത്തേക്കാള്‍ പ്രസക്തമാണ് ഇപ്പോഴെന്നും രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു. മഹാത്മാ ഗാന്ധി രാജ്യത്തിന്റെ മാര്‍ഗദര്‍ശിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് എസ്പിജി നിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടെ പ്രഗ്യാ സിംഗ് തന്റെ വിവാദ നിലപാട് ആവര്‍ത്തിച്ചത്. ഗോഡ്സെ എന്തിനാണ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് എന്ന് വിശദീകരിക്കാന്‍ ശ്രമിച്ച ഡിഎംകെ അംഗം എ രാജയുടെ പ്രസംഗത്തിനിടെയാണ് എതിര്‍പ്പുമായി പ്രഗ്യ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ പ്രഗ്യയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കിയിരുന്നു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശപ്രകാരമാണ് പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കിയത്.