ചെന്നൈ: കഴിഞ്ഞ ദിവസം നടന്ന തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടുള്ള നയം പ്രഖ്യാപിച്ചതിന് പിന്നാലെ വിജയിയെ പ്രകീർത്തിച്ച് ബിജെപി സഖ്യകക്ഷികൾ. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചുവെങ്കിലും വിജയുടേത് ഗംഭീര തുടക്കം എന്നാണ് ബിജെപി ഘടക കക്ഷികളായ പുതിയ തമിഴകം പാർട്ടിയും ഇന്ത്യ ജനനായക കക്ഷിയും അഭിപ്രായപ്പെട്ടത്.
അതേസമയം തമിഴ്നാട്ടിലെ ബിജെപി സഖ്യകക്ഷികളായ തമിഴകം പാർട്ടിയും ഇന്ത്യ ജനനായക കക്ഷിയും വിജയ്യെ പ്രകീർത്തിച്ചു. ഗംഭീര തുടക്കം എന്നാണ് ഇരുപാർട്ടികളുടെയും പ്രതികരണം. അധികാരത്തിന്റെ പങ്കു നൽകുമെന്ന വാഗ്ദാനം സ്വാഗതാർഹമാണെന്നും പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ ടിക്കറ്റിൽ മത്സരിച്ച പാർട്ടികളാണ് ഇന്നലത്തെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് ശേഷം വിജയിയെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.
അതേസമയം വിജയ്യുടെ വിമർശനങ്ങള്‍ ഡിഎംകെ തള്ളിക്കളയുകയും ചെയ്തു. വിജയ് നയം വ്യക്തമാക്കാതെ ഡിഎംകെയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് പാർട്ടി വക്താവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു. ഇതിനിടെ പ്രകാശ് രാജും വിജയിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. പുതിയ സാഹചര്യങ്ങളിൽ തുടർ രാഷ്ട്രീയ ചലനങ്ങൾക്ക് കാത്തിരിക്കുകയാണ് തമിഴ്നാട്.