വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഹരിയാനയില്‍ കര്‍ഷക പ്രഷോഭം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കര്‍ഷകര്‍ക്ക് എതിരെ നടപടി സ്വീകരിച്ച് പൊലീസ്. ഹരിയാനയിലെ കര്‍ണാല്‍ ടോള്‍ പ്ലാസയില്‍ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് ലാത്തി വീശി. പ്രതിഷേധത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചു ചേര്‍ത്ത ബി ജെ പി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ ആയിരുന്നു കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷക പ്രക്ഷോഭം നടക്കുന്ന കര്‍ണാലിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തെ നേരിടാന്‍ അടുത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയിലെ എല്ലാ ദേശീയപാതകളും ഉപരോധിക്കാന്‍ കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. കൂടൂതല്‍ കര്‍ഷകര്‍ കര്‍ണാല്‍ ടോള്‍ പ്ലാസക്ക് സമീപം സംഘടിച്ചെത്തുന്നുണ്ട്. സംഘര്‍ഷത്തില്‍ 50 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷക സംഘടനകള്‍ ഗുരുദ്വാര കര് സേവയില്‍ പ്രതിഷേധക്കാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. കര്‍ഷകരുടെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ ഗുരുദ്വാരയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയിരുന്നു. സമാധാനപരമായ അന്തരീക്ഷത്തില്‍ പ്രതിഷേധം നടത്താന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍ ക്രമസമാധാനം തര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ണാല്‍ പൊലീസ് സൂപ്രണ്ട് ഗംഗാറാം പുനിയ പറഞ്ഞു.
സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ചുളള ചര്‍ച്ചക്ക് വേണ്ടിയാണ് യോഗം സംഘടിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. രാവിലെ 10 മുതല്‍ വൈകിട്ട് 3 മണിവരെയുള്ള യോഗത്തില്‍ കാബിനറ്റ് മന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ സംബന്ധിച്ചു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് വരാനുള്ള കര്‍ഷകരുടെ ശ്രമമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് ഹരിയാന പൊലീസിന്റെ വിശദീകരണം