2019ല്‍ പുല്‍വാമയിലുണ്ടായ സ്ഫോടനം വീണ്ടും സൃഷ്ടിക്കാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലുണ്ടായ പുല്‍വാമ ആക്രമണം രാജ്യത്തിന് അതീവ ദുഖമാണ് നല്‍കിയത്. അന്ന് നടന്ന സ്ഫോടനത്തില്‍ നാല്‍പ്പതോളം സിപിആര്‍ എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജവാന്മാര് വരുന്ന ബസിന് സമീപത്തായി കാറില്‍ സ്ഫോടന വസ്തുക്കള്‍ നിറച്ച് ബസ് അടുത്തെത്തിയപ്പോള്‍ സ്ഫോടനം നടത്തുകയായിരുന്നു. ഇതുപോലെ തന്നെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കാറില്‍ സ്ഫോടന വസ്തുക്കള്‍ നിറച്ചിരുന്നത്. എന്നാല്‍ സുരക്ഷ സേന കൈയ്യൊടെ ഇവരുടെ ശ്രമം പൊളിച്ചു.
വ്യാജ രജിസ്ട്രേഷനിലുള്ള കാര്‍ ചെക്ക്പോയിന്റില്‍ നിര്‍ത്താതെ ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചെന്ന് കാശ്മീര്‍ പോലീസ് സേനയെ അറിയിക്കുകയും സുരക്ഷാസേന കാര്‍ വളയുകയും ചെയ്തിരുന്നു. കാറിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാര്‍ പരിശോധിച്ചപ്പോള്‍ 20 കിലോയിലധികം സ്ഫോടക വസ്തുവിന്റെ ശേഖരവും ലഭിച്ചിരുന്നു.
ആക്രമണ സാധ്യതയുണ്ടെന്ന് തങ്ങള്‍ക്ക് മുന്‍പ് തന്നെ വിവരം ലഭിച്ചിരുന്നുവെന്നും ഇന്നലെ മുതല്‍ ഐഇഡി അടങ്ങിയ വാഹനത്തിനായി തിരച്ചില്‍ നടത്തിവന്നിരുന്നതായും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന് വിജയ് കുമാര്‍ വ്യക്തമാക്കി. കാറില്‍ നിന്ന് ഐഇഡി ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. സൈന്യവും പോലീസും അര്‍ധ സൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് ആക്രമണം തടയാനായതെന്നും അദ്ദേഹം അറിയിച്ചു.